ടെക് ഡെസ്ക്: ജെമിനി എഐ മോഡലുകളുടെ പ്രവർത്തനക്ഷമത വൻതോതിൽ വർദ്ധിപ്പിക്കുന്നതിനായി ‘ഫ്രോസൺ വി2’ (Frozen v2) എന്ന പേരിൽ പുതിയ എഐ സെർവർ ചിപ്പ് വികസിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. ജെമിനി മോഡലിന്റെ ചില പ്രധാന ഭാഗങ്ങൾ നേരിട്ട് ഹാർഡ്‌വെയറിലേക്ക് സംയോജിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുക.
നിലവിൽ ഗൂഗിൾ ഉപയോഗിക്കുന്ന കസ്റ്റം എഐ ചിപ്പുകളേക്കാൾ ആറ് മുതൽ 10 മടങ്ങ് വരെ കൂടുതൽ കാര്യക്ഷമത പുതിയ ചിപ്പിനുണ്ടാകുമെന്നാണ് വിവരം. എൻജിനീയർമാർ നിലവിൽ ഇതിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട അന്തിമഘട്ട പ്രവർത്തനങ്ങളിലാണ്. 2028-ഓടെ ഈ ചിപ്പുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗൂഗിളിന്റെ നിലവിലുള്ള ടെൻസർ പ്രോസസ്സിങ് യൂണിറ്റുകൾക്ക് (TPU) പകരക്കാരനായല്ല പുതിയ ചിപ്പുകൾ എത്തുന്നത്. മറിച്ച്, നിലവിലെ ടി.പി.യുകൾക്കൊപ്പം (TPUs) ചേർന്നായിരിക്കും ‘ഫ്രോസൺ വി2’ പ്രവർത്തിക്കുക. പ്രത്യേക എഐ ഇൻഫറൻസ് ജോലികൾ കൂടുതൽ വേഗത്തിലും മികച്ച രീതിയിലും കൈകാര്യം ചെയ്യാൻ ഈ പുതിയ ഫ്രോസൺ ചിപ്പുകൾ സഹായിക്കും.
കംപ്യൂട്ടിങ് ശേഷിയിലുള്ള പരിമിതികൾ പരിഹരിക്കുക എന്നതാണ് ‘ഫ്രോസൺ വി2’ പ്രൊജക്റ്റിലൂടെ ഗൂഗിൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നേരിട്ട് സംയോജിപ്പിച്ച് രൂപകൽപന ചെയ്യുന്നതിലൂടെ വേഗതയും പ്രവർത്തനക്ഷമതയും വലിയ തോതിൽ വർദ്ധിപ്പിക്കാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

