ന്യൂഡൽഹി: ഓസ്‌ട്രേലിയ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ നിർത്തിവെച്ച പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഉടൻ പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു. ടെൻഡർ നടപടികൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചെങ്കിലും, പ്രവാസികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇടക്കാല സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിന് കോടതി അനുമതി നൽകി. വരും ദിവസങ്ങളിൽ ഹൈക്കമ്മീഷൻ സ്വീകരിക്കാൻ പോകുന്ന പുതിയ നടപടികൾ പ്രവാസികൾക്ക് ഏറെ നിർണ്ണായകമാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ഹർജിയിൽ അന്തിമ തീർപ്പുകൽപ്പിച്ചത്. ഓസ്‌ട്രേലിയ, കുവൈറ്റ്, സിംഗപ്പൂർ, അബുദാബി എന്നീ രാജ്യങ്ങളിലെ കോൺസുലാർ സേവനങ്ങൾക്കായുള്ള പഴയ ടെൻഡറുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.
ടെൻഡർ നടപടികളിൽ സുതാര്യതയില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രധാന നടപടി. മൂന്ന് മാസത്തിനുള്ളിൽ പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്നതാണ് ഓസ്‌ട്രേലിയയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം. നിലവിലുണ്ടായിരുന്ന ഏജൻസികൾക്കോ അല്ലെങ്കിൽ പുതിയൊരു താൽക്കാലിക ഏജൻസിക്കോ വിസ, പാസ്‌പോർട്ട് സേവനങ്ങളുടെ ചുമതല നൽകാൻ സുപ്രീം കോടതി വിദേശകാര്യ മന്ത്രാലയത്തിന് പൂർണ്ണ അനുമതി നൽകി.
ഈ പുതിയ ഇടക്കാല നിയമനം തികച്ചും താൽക്കാലികമായിരിക്കുമെന്നും, സേവനദാതാക്കൾക്ക് ഇതിലൂടെ പ്രത്യേക അവകാശങ്ങൾ ഒന്നും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജനങ്ങൾക്ക് സേവനങ്ങൾ തടസ്സപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് കോടതി വിലയിരുത്തി.
ഓസ്‌ട്രേലിയയിൽ വി.എഫ്.എസ്. ഗ്ലോബൽ (VFS Global) വഴിയുള്ള കോൺസുലാർ സേവനങ്ങൾ 2026 ജൂലൈ 1 മുതൽ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ ക്യാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ഉടൻ തന്നെ താൽക്കാലിക സേവനങ്ങൾ പുനരാരംഭിക്കാൻ കഴിയും.
എങ്കിലും, പാസ്‌പോർട്ട് പുതുക്കാനും ഒ.സി.ഐ. (OCI) കാർഡിനും അപേക്ഷിക്കാൻ കാത്തിരിക്കുന്നവർ ഇന്ത്യൻ ഹൈക്കമ്മീഷന്റെയോ കോൺസുലേറ്റുകളുടെയോ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കേണ്ടതാണ്. അടിയന്തര കോൺസുലാർ സേവനങ്ങൾ ഹൈക്കമ്മീഷൻ മുഖേന നിലവിൽ പരിമിതമായ തോതിൽ ലഭ്യമാക്കുന്നുണ്ട്.

