അതിശക്തമായ ‘എൽ നിനോ’ വരുന്നു; 2027 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായേക്കാമെന്ന് മുന്നറിയിപ്പ്

സിഡ്നി: ലോകത്ത് അതിശക്തമായ ‘എൽ നിനോ’ പ്രതിഭാസം രൂപംകൊള്ളുന്നതായി ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പും (BoM) രാജ്യാന്തര കാലാവസ്ഥാ വിദഗ്ധരും മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി 2027-ാം വർഷം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായി രേഖപ്പെടുത്തപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

പസഫിക് മഹാസമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിലെ സമുദ്രജല താപനില അസാധാരണമായി ഉയരുന്നതാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്. ഇത് ആഗോളതലത്തിൽ മഴ, താപനില, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങിയ കാലാവസ്ഥാ മാതൃകകളെ സാരമായി ബാധിക്കും. നിലവിൽ വളരെ വേഗത്തിൽ ശക്തി പ്രാപിക്കുന്ന എൽ നിനോ, മുൻ റെക്കോർഡുകളെല്ലാം മറികടന്നേക്കാമെന്നാണ് കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നത്. എൽ നിനോ രൂപംകൊള്ളുന്നതിന്റെ തൊട്ടടുത്ത വർഷത്തിലാണ് ഇതിന്റെ പരമാവധി പ്രത്യാഘാതം ദൃശ്യമാകുന്നത് എന്നതിനാൽ, 2026-ൽ ആരംഭിച്ച ഈ പ്രതിഭാസത്തിന്റെ കടുത്ത ചൂട് 2027-ലായിരിക്കും അനുഭവപ്പെടുക.

എൽ നിനോ മൂലം ഓസ്ട്രേലിയയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ശരാശരിയേക്കാൾ ഉയർന്ന താപനില, കുറഞ്ഞ മഴ, നീണ്ട വരൾച്ച, കാട്ടുതീ ഭീഷണി, കുടിവെള്ള ക്ഷാമം എന്നിവയ്ക്ക് സാധ്യതയുണ്ട്. ന്യൂ സൗത്ത് വെയ്‌ൽസ് , ക്വീൻസ്‌ലാന്റ്, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങളിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്ര ഡൈപോൾ പോലുള്ള മറ്റ് കാലാവസ്ഥാ ഘടകങ്ങൾ കൂടി പ്രതികൂലമായാൽ 2019-20 കാലഘട്ടത്തിലെ ഭീകരമായ “ബ്ലാക്ക് സമ്മർ” കാട്ടുതീ സീസണിന് സമാനമായ സാഹചര്യം ഉണ്ടാകാമെന്നാണ് വിദഗ്ധാഭിപ്രായം. ഇതിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ കാട്ടുതീ പ്രതിരോധ പദ്ധതികൾ ശക്തമാക്കിയിട്ടുണ്ട്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിലനിൽക്കുന്നതിനാൽ എൽ നിനോയുടെ ആഘാതം പ്രതീക്ഷിക്കുന്നതിലും ഗുരുതരമായേക്കാം. അതേസമയം, വരും മാസങ്ങളിലെ സമുദ്ര-കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമേ ഇതിന്റെ അന്തിമ ചിത്രം വ്യക്തമാകൂ എന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *