കർവാർ: തദ്ദേശീയ യുദ്ധക്കപ്പൽ നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യൻ നാവികസേന. രണ്ടാമത്തെ മാഹി ക്ലാസ് അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് മാൽവൻ’ നാവികസേനയുടെ ഭാഗമായി. കർണാടകയിലെ കർവാർ നാവിക താവളത്തിൽ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് കപ്പൽ ഔദ്യോഗികമായി സേനയ്ക്ക് സമർപ്പിച്ചു.
തീരദേശ സുരക്ഷയിലും കടൽ വഴിയുള്ള വ്യാപാര പാതകൾ സംരക്ഷിക്കുന്നതിലും ഐ.എൻ.എസ് മാൽവൻ നിർണ്ണായക പങ്ക് വഹിക്കുമെന്ന് എയർ ചീഫ് മാർഷൽ ചൂണ്ടിക്കാട്ടി. ‘ആത്മനിർഭർ ഭാരത്’ ദൗത്യത്തിന് കീഴിൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമ്മിച്ച ഈ യുദ്ധക്കപ്പലിന്റെ 80 ശതമാനത്തിലധികവും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്.
അന്തർവാഹിനികളെ കടലിനടിയിൽ വെച്ചുതന്നെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള അത്യാധുനിക ആയുധ സംവിധാനങ്ങളും റോക്കറ്റുകളും ടോർപ്പിഡോകളും ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന ശേഷി വർദ്ധിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഐ.എൻ.എസ് മാൽവന്റെ കമ്മീഷനിംഗെന്ന് ചടങ്ങിൽ സംസാരിച്ച മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

