ലണ്ടൻ: ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി രാജകുടുംബാംഗം അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണം അമിത അളവിൽ മദ്യവും വിവിധ ലഹരിവസ്തുക്കളും ഉപയോഗിച്ചതിനെ തുടർന്നുണ്ടായതാണെന്ന് ബ്രിട്ടനിലെ കൊറോണർ കോടതിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മരണം ആകസ്മിക ലഹരി ഉപയോഗത്തിന്റെ (misadventure) ഫലമാണെന്നും ആത്മഹത്യയുടെയോ മറ്റൊരാളുടെ ഇടപെടലിന്റെയോ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി.
29-കാരനായ രാജകുമാരനെ കഴിഞ്ഞ വർഷം നവംബർ 25-ന് ലണ്ടനിലെ കെൻസിങ്ടണിലുള്ള മാരിയറ്റ് ഹോട്ടലിലെ മുറിയിലെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷപരിശോധനയിൽ രക്തത്തിൽ ഉയർന്ന അളവിൽ മദ്യവും പാർട്ടി ഡ്രഗായ ജിഎച്ച്ബി (GHB), കഞ്ചാവ്, സാനാക്‌സ് ഉൾപ്പെടെയുള്ള മരുന്നുകളുടെ സാന്നിധ്യവും കണ്ടെത്തി. ഇവയുടെ സംയോജിത ഉപയോഗമാണ് ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മരണത്തിന് മുമ്പ് രാജകുമാരൻ മദ്യാസക്തിക്കും മരുന്നുകളുടെ ദുരുപയോഗത്തിനും ചികിത്സ തേടിയിരുന്നുവെന്നും അന്വേഷണത്തിൽ വെളിപ്പെട്ടു. ചികിത്സയ്ക്കുശേഷം ആത്മഹത്യാ സാധ്യതയില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളിലും സംഭവസമയത്ത് മറ്റാരുടെയും സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

