17 വർഷത്തെ സ്നേഹപരിചരണങ്ങൾക്ക് തിരശ്ശീല; രോഗശയ്യയിലായിരുന്ന ഭർത്താവിന് നിറകണ്ണുകളോടെ യാത്രാമൊഴിയേകി സിനി

അതിരമ്പുഴ: വിവാഹം കഴിഞ്ഞ് കേവലം മൂന്ന് മാസം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം, നീണ്ട 17 വർഷം തളർന്നു കിടപ്പിലായിരുന്ന ഭർത്താവ് സന്തോഷിനെ സ്നേഹത്തോടെയും ക്ഷമയോടെയും ശുശ്രൂഷിച്ച സിനിയെ തനിച്ചാക്കി സന്തോഷ് വിട പറഞ്ഞു. അതിരമ്പുഴ മാറാമ്പിൽ തടത്തിൽ സന്തോഷ് കുര്യൻ (47) ആണ് അന്തരിച്ചത്.

തടിവെട്ട് തൊഴിലാളിയായിരുന്ന സന്തോഷിന് 17 വർഷം മുൻപ് ജോലിക്കിടെ മരം വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്ന് മാസം കോമയിലായിരുന്ന സന്തോഷ്, പിന്നീട് കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാത്ത വിധം പൂർണ്ണമായി ശയ്യാവലംബിയായി. എന്നാൽ പ്രതിസന്ധികളിൽ തളരാതെ സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമായ ഭാര്യ സിനി ഭർത്താവിനെ ചേർത്തുപിടിക്കുകയായിരുന്നു.

സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച് കഴിഞ്ഞ 17 വർഷമായി പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സന്തോഷിന് ഭക്ഷണവും മരുന്നും നൽകി ആശ്വസിപ്പിച്ചത് സിനിയായിരുന്നു. ചെറിയ വഴക്കുകളുടെ പേരിൽ പോലും ബന്ധങ്ങൾ വേർപിരിയുന്ന കാലഘട്ടത്തിൽ, സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും അപൂർവ്വ മാതൃകയായി മാറിയിരിക്കുകയാണ് സിനിയുടെ ജീവിതം.

സന്തോഷിന്റെ സംസ്‌കാര ചടങ്ങുകൾ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് സന്തോഷിന് അവസാനമായി യാത്രാമൊഴിയേകാനും സിനിയെ ആശ്വസിപ്പിക്കാനുമായി പള്ളിയിലേക്കും വസതിയിലേക്കും ഒഴുകിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *