പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി ദാരുണമായി മരണപ്പെട്ടു. ഗോസ്സനൽസിന് സമീപം മാർട്ടിനിൽ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ആൻമേരി (30) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ശരത്തിനും പരുക്കേറ്റു.
ഓറഞ്ച് ഗ്രൂപ്പിലുള്ള സീറോ മലബാർ പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ നിന്നും സിഗ്നൽ തെറ്റിച്ച് അതിവേഗത്തിൽ പാഞ്ഞുവന്ന മറ്റൊരു കാർ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു.
കേരളത്തിൽ അങ്കമാലി കാച്ചപ്പള്ളി കുടുംബാംഗമാണ് അന്തരിച്ച ആൻമേരി. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്. സന്ദർശന വിസയിൽ ഓസ്ട്രേലിയയിൽ എത്തിയ ആൻമേരിയുടെ മാതാവും നിലവിൽ പെർത്തിലുണ്ട്.
അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് പെർത്തിലെ മലയാളി സമൂഹം. അപകടത്തിൽ പരുക്കേറ്റ ശരത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരണമടഞ്ഞ ആൻമേരിയുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നടപടിക്രമങ്ങൾ പെർത്തിൽ പുരോഗമിച്ചു വരുന്നു

