തിരുവനന്തപുരം: സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. പാലക്കാട് സ്വദേശിയും മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനെതിരെയാണ് കോളജ് അധികൃതർ കർശന നടപടിയെടുത്തത്. എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സഹപാഠികളായ 13 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 15 പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് എബേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തുടക്കത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചത് കാമ്പസിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിന് മുന്നിൽ പൊലീസ് വഴങ്ങുകയും കൂടുതൽ കേസുകൾ എടുക്കുകയുമായിരുന്നു.
സംഭവം ഗൗരവമായി കണ്ട കോളജ് മാനേജ്‌മെന്റ്, അന്വേഷണം പൂർത്തിയാകുന്നത് വരെ എബേലിന് ക്ലാസുകളിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഡിജിറ്റൽ ഫോറൻസിക് പരിശോധന അടക്കമുള്ള തുടരന്വേഷണങ്ങളിലേക്ക് കടക്കാൻ പൊലീസ് തയാറെടുക്കുകയാണ്.

