സിഡ്‌നി: ടെലിഹെൽത്ത് സംവിധാനം (ഫോൺ അല്ലെങ്കിൽ ഓൺലൈൻ വഴി) ഉപയോഗിച്ച് കരുണാവധിയെക്കുറിച്ച് (Voluntary Assisted Dying) ഡോക്ടർമാരുമായി കൂടിയാലോചന നടത്താൻ അനുവദിക്കുന്നതിനെ താൻ വ്യക്തിപരമായി പിന്തുണയ്ക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യക്തമാക്കി. തത്ത്വത്തിൽ കരുണാവധിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഓൺലൈൻ വഴിയുള്ള കൂടിയാലോചനകൾ നിലവിലെ സുരക്ഷാ മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും ദുർബലപ്പെടുത്തിയേക്കുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.
കരുണാവധിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനും ടെലിഹെൽത്ത് സൗകര്യം വ്യാപിപ്പിക്കുന്നതിനും ലേബർ പാർട്ടിയുടെ നാഷണൽ കോൺഫറൻസിൽ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ വ്യത്യസ്ത നിലപാട്. എന്നാൽ പാർട്ടി പ്രമേയങ്ങൾ പൊതുവായ ദിശാബോധം നൽകുന്നതാണെങ്കിലും, ഇക്കാര്യത്തിൽ അന്തിമതീരുമാനം സർക്കാരിന്റേതാണെന്നും ഇത് വ്യക്തിപരമായ മനഃസാക്ഷിപരമായ തീരുമാനമാണെന്നും ആൽബനീസ് കൂട്ടിച്ചേർത്തു.
നിലവിലെ നിയമമനുസരിച്ച് കരുണാവധിക്കുള്ള കൂടിയാലോചനകൾക്ക് ടെലിഹെൽത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത് ലംഘിക്കുന്ന ഡോക്ടർമാർക്ക് മൂന്ന് ലക്ഷം ഡോളർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ ഈ നിരോധനം ഗ്രാമീണ മേഖലകളിൽ ജീവിക്കുന്ന ഗുരുതര രോഗ ബാധിതരായ ജനങ്ങളെയാണ് ഏറെ ദുരിതത്തിലാക്കുന്നതെന്ന് ആനുകൂലികൾ ചൂണ്ടിക്കാണിക്കുന്നു. വിദൂര മേഖലകളിൽ നിന്ന് ഡോക്ടർമാരെ നേരിൽ കാണാൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാൻ ഈ നിയമം മാറ്റണമെന്നാണ് ആവശ്യം.
ടെലിഹെൽത്ത് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻസ് സെനറ്റർ സാറ ഹാൻസൺ-യങ് സഭയിൽ സ്വകാര്യ ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിപെൻഡന്റ് എം.പി കേറ്റ് ചെനിയും ജനപ്രതിനിധി സഭയിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA), റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് (RACGP) എന്നീ പ്രമുഖ മെഡിക്കൽ സംഘടനകളും ടെലിഹെൽത്ത് സൗകര്യം കരുണാവധി സേവനങ്ങൾ സുരക്ഷിതമായി നൽകാൻ സഹായിക്കുമെന്ന നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്.

