വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിച്ചുവന്ന തങ്ങളുടെ പ്രശസ്തമായ ബേബി പൗഡറും മറ്റ് ടാൽക്കം പൗഡറുകളും അണ്ഡാശയ കാൻസറിന് (Ovarian Cancer) കാരണമായെന്ന പതിനായിരക്കണക്കിന് പരാതികളിൽ ഒടുവിൽ വൻ ഒത്തുതീർപ്പിന് തയ്യാറായി പ്രമുഖ ആഗോള മരുന്ന്-ഉൽപ്പന്ന നിർമ്മാണ കമ്പനിയായ ജോൺസൺ & ജോൺസൺ (J&J). ദീർഘകാലമായി തുടരുന്ന നിയമപോരാട്ടങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 5.5 ബില്യൺ ഡോളർ (ഏകദേശം 46,000 കോടിയലധികം ഇന്ത്യൻ രൂപ) വരെ നഷ്ടപരിഹാരമായി നൽകാനാണ് കമ്പനി ധാരണയിലെത്തിയിരിക്കുന്നത്.
അമേരിക്കയിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 70,000-ത്തോളം വരുന്ന ഹർജികളിലും പരാതികളിലുമാണ് ഈ നിർണായക തീരുമാനമുണ്ടായിരിക്കുന്നത്. അമേരിക്കയിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന ആകെ കേസുകളുടെ 99 ശതമാനത്തിലധികവും പരിഹരിക്കാൻ ഈ ഒത്തുതീർപ്പിലൂടെ സാധിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ പരാതിക്കാരിൽ കുറഞ്ഞത് 95 ശതമാനം പേരെങ്കിലും ഈ ഒത്തുതീർപ്പ് തുക വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ധാരണ പൂർണ്ണമായും പ്രാബല്യത്തിൽ വരികയുള്ളൂ.

