മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ മുൻ പ്രീമിയർ ജസിന്ത അലന്റെ അടുത്ത അനുയായികളായ രണ്ട് മുതിർന്ന മന്ത്രിമാർ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. അടുത്ത വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവില്ലെന്നും മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയാണെന്നും ആരോഗ്യ മന്ത്രി ഹരിയറ്റ് ഷിംഗും ഊർജ്ജ മന്ത്രി ലിലി ഡി അംബ്രോസിയോയും അറിയിച്ചു.
പുതിയ പ്രീമിയർ ബെൻ കരോൾ പ്രഖ്യാപിക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തൊട്ടുമുമ്പാണ് ഇവരുടെ രാജി. ദിവസങ്ങൾക്ക് മുമ്പാണ് ജസിന്ത അലനെ മാറ്റി ബെൻ കരോൾ വിക്ടോറിയയുടെ പുതിയ പ്രീമിയറായി ചുമതലയേറ്റത്. രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ ഉണ്ടായ മുതിർന്ന നേതാക്കളുടെ ഈ രാജി പ്രഖ്യാപനം ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

