പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച യൂട്യൂബർമാർക്കും ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കുമെതിരെ ഡൽഹി പോലീസ് നടപടി കടുപ്പിച്ചു. പ്രതിഷേധത്തിന്റെ മറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് പ്രമുഖ നേതാക്കൾക്കുമെതിരെ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയവർ, ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർ എന്നിവരെ ലക്ഷ്യമിട്ടാണ് പോലീസ് നീക്കം നടക്കുന്നത്.

ഡൽഹി പോലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) വിഭാഗവും സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലും നടത്തിയ സമഗ്രമായ പരിശോധനകൾക്ക് ശേഷമാണ് വ്യാജ വാർത്തകളും എഐ ഡിജിറ്റൽ ദൃശ്യങ്ങളും (ഡീപ്ഫേക്ക്) നിർമ്മിച്ച് പ്രചരിപ്പിച്ച അക്കൗണ്ട് ഉടമകൾക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.

മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), യൂട്യൂബ്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഡൽഹി പോലീസ് ഔദ്യോഗിക നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങളും വെറുപ്പുളവാക്കുന്ന വീഡിയോകളും ഉടൻ തന്നെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും കുറ്റാരോപിതരായ അക്കൗണ്ടുകളുടെ ഐപി വിലാസങ്ങൾ, രജിസ്ട്രേഷൻ വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പോലീസിന് കൈമാറണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. അതിർത്തി കടന്നും വിദേശ രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന നാനൂറിലധികം വ്യാജ ഹാൻഡിലുകൾ ഇതിനോടകം തിരിച്ചറിയുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

പ്രതിഷേധങ്ങളുടെ പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശനമായ മുന്നറിയിപ്പാണ് ഡൽഹി പോലീസ് നൽകുന്നത്. ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) വിവരസാങ്കേതികവിദ്യ (ഐടി) നിയമത്തിലെയും ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കുറ്റക്കാർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്രമസമാധാന തകർച്ചയ്ക്ക് കാരണമാകുന്ന രീതിയിൽ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന യൂട്യൂബർമാരെയും ഇൻഫ്ലുവൻസർമാരെയും ചോദ്യം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ നേരിട്ട് വിളിപ്പിച്ചേക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *