കല്പറ്റ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക-മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വിവിധ ഭാഗങ്ങളിലായി 324 കുടുംബങ്ങളിലെ 1,068 പേരെ 23 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മഴ കനത്ത സാഹചര്യത്തിൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ക്യാമ്പുകളിൽ ആവശ്യമായ പ്രാഥമിക സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

