പത്തനംതിട്ട: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകൾ തുടങ്ങിയവ പൂർണ്ണമായും ഉറപ്പാക്കുമെന്ന് സാംസ്കാരിക ടൂറിസം വകുപ്പു മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. റാന്നിയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച ശേഷം താലൂക്ക് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത ലഘൂകരണത്തിന് പോലീസ്, അഗ്നിസുരക്ഷാ സേന, എൻ.ഡി.ആർ.എഫ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കും. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. എം.എൽ.എമാർ പ്രാദേശികമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ ജില്ലാ ഭരണകൂടത്തിന് മന്ത്രി നിർദേശം നൽകി.
റാന്നി മേഖലയിൽ സർക്കാരിന്റെ കൂടുതൽ ശ്രദ്ധ വേണമെന്ന് പഴകുളം മധു എം.എൽ.എ അഭ്യർഥിച്ചു. നദിയിലെ പുറ്റും ചെളിയും അടിയന്തരമായി നീക്കം ചെയ്യണമെന്നും അയിരൂർ, ചെറുകോൽപ്പുഴ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും വെള്ളം കയറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറന്മുളയിലെ മഴക്കെടുതി പ്രദേശങ്ങളും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. ആന്റോ ആന്റണി എം.പി, അബിൻ വർക്കി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം ആർ. രാജലക്ഷ്മി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
നിലവിൽ ജില്ലയിൽ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 567 പേരാണ് കഴിയുന്നത്. കോന്നി താലൂക്കിൽ ഒന്ന്, തിരുവല്ലയിൽ രണ്ട്, റാന്നിയിൽ രണ്ട്, മല്ലപ്പള്ളിയിൽ 13, കോഴഞ്ചേരിയിൽ നാല് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ കണക്ക്.
മഴ കനത്ത സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പമ്പയിലും മറ്റ് നദികളിലും പള്ളിയോടങ്ങൾ, വള്ളങ്ങൾ, ബോട്ടുകൾ, കടത്ത് എന്നിവ രക്ഷാപ്രവർത്തനത്തിനൊഴികെ ഇറക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ വിലക്കി. കൂടാതെ, തൊഴിലുറപ്പ് ജോലികൾ, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്ക് ഓഗസ്റ്റ് എട്ട് വരെയും ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനത്തിന് ഓഗസ്റ്റ് ആറ് വരെയും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും അധികൃതർ അറിയിച്ചു.

