ഗ്ലാസ്ഗോ:2026 കോമൺവെൽത്ത് ഗെയിംസിനിടെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ഇന്ത്യയുടെ അപൂർണ ഭൂപടം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ ബോക്സർ ലവ്ലിന ബോർഗോഹെയ്ൻ പ്രതിഷേധിച്ചു. റെസ്റ്റോറന്റിൽ ഉപയോഗിച്ചിരുന്ന പേപ്പർ നാപ്കിനുകളിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടാത്ത ഭൂപടമാണ് അച്ചടിച്ചിരുന്നതെന്ന് ലവ്ലിന ചൂണ്ടിക്കാട്ടി.
അസം സ്വദേശിനിയായ ലവ്ലിന, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രതിനിധീകരിക്കപ്പെടണമെന്നും വടക്കുകിഴക്കൻ മേഖലയെ ഒഴിവാക്കിയത് വേദനിപ്പിച്ചതായും പ്രതികരിച്ചു. സംഭവത്തിൽ ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ (BFI) പ്രസിഡന്റ് അജയ് സിങ്ങും പ്രതിഷേധം രേഖപ്പെടുത്തി. ഭൂപടത്തിൽ ജമ്മു-കശ്മീരിന്റെ ചിത്രീകരണത്തിലും പിഴവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് റെസ്റ്റോറന്റ് അധികൃതർ ഭൂപടത്തിലെ പിഴവ് തിരുത്താമെന്ന് ഉറപ്പ് നൽകിയതായി ബിഎഫ്ഐ പ്രസിഡന്റ് അറിയിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ബോക്സിങ് സംഘത്തിനായുള്ള ആഘോഷ വിരുന്നിനിടെയായിരുന്നു സംഭവം.

