തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പല പ്രധാന ഡാമുകളിലും ജലനിരപ്പ് വളരെ താഴെയാണെന്നും ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽ ആശങ്ക പരത്തുന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തെ മഴയുടെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായത് മിന്നൽപ്രളയമായിരുന്നുവെന്നും രാത്രി വരെ അതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ദുരന്തനിവാരണത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എൻഡിആർഎഫ് സംഘങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ഭക്ഷ്യവിതരണം എന്നിവ സജ്ജമാണെന്നും പത്തനംതിട്ട ജില്ലയിൽ പ്രത്യേക സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമീപ ജില്ലകളിൽ നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

