മെൽബൺ: ഫുക്കെറ്റിൽ നിന്ന് മെൽബണിലേക്കുള്ള വിമാനയാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെയും സഹയാത്രക്കാരനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 21-കാരനായ വിക്ടോറിയൻ യുവാവിനെതിരെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് കേസ് എടുത്തു.
വിമാനത്തിലെ വനിതാ ക്യാബിൻ ക്രൂവിനെ യുവാവ് കയ്യേറ്റം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തന്നെ കെട്ടിപ്പിടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാൾ ജീവനക്കാരിയുടെ തോളിൽ പിടിച്ച് ബലമായി കുലുക്കുകയായിരുന്നുവെന്ന് എ.എഫ്.പി വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ വിമാനത്തിന്റെ പിൻഭാഗത്തേക്ക് പോയ ഇയാൾ, ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ മറ്റൊരു യാത്രക്കാരന്റെ മുഖത്ത് പലതവണ ഇടിക്കുകയായിരുന്നു. തുടർന്ന് വിമാന ജീവനക്കാർ ഇയാളെ ബലമായി തടഞ്ഞുവെക്കുകയും മെൽബൺ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ പോലീസിന് കൈമാറുകയും ചെയ്തു.
2026 ഏപ്രിൽ ഒന്നിന് നടന്ന സംഭവത്തിൽ ഓഗസ്റ്റ് 3-ന് ബ്രോഡ്‌മെഡോസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് യുവാവിനെ ഹാജരാക്കുന്നത്. വിമാനത്തിനുള്ളിലെ ഇത്തരം അതിക്രമങ്ങൾക്ക് യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നടപടിയാണ് ഉണ്ടാകുകയെന്ന് എ.എഫ്.പി സൂപ്രണ്ട് സ്റ്റീഫൻ കുക്ക് മുന്നറിയിപ്പ് നൽകി.
‘ക്രെൈംസ് ഏവിയേഷൻ ആക്ട് 1991’ പ്രകാരം വിമാന ജീവനക്കാരെ ആക്രമിച്ചതിന് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ സഹയാത്രക്കാരനെ മർദ്ദിച്ചതിന് രണ്ട് വർഷം കൂടി അധിക തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

