ഇടുക്കി: കട്ടപ്പന–കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവനന്തപുരം കാരക്കോണം സ്വദേശി ജെറിൻ ഏണസ്റ്റ് മരിച്ചു. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഏലപ്പാറ ചിന്നാർ ഏറുമ്പടത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ ആറോടെയായിരുന്നു അപകടം. തിരുവനന്തപുരം നിന്ന് കട്ടപ്പനയിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഏകദേശം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ ശേഷം വെള്ളം നിറഞ്ഞ തോട്ടിൽ പതിക്കുകയായിരുന്നു.
വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ജെറിന്റെ ഭാര്യ ദിവ്യ (29), നവ്യ (26) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അജിൻ (36) പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അപകടത്തിന് ശേഷം വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ ജെറിന് സാധിച്ചില്ല. വെള്ളത്തിൽ മുങ്ങിയ നിലയിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ പള്ളിയിലേക്ക് പോയവരാണ് അപകടം കണ്ടത്. തുടർന്ന് നാട്ടുകാരും സമീപത്തെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞെത്തിയ ഉപ്പുതറ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

