റബാത്ത്: വിവാദമായ ഫിഫ ഫോർവേഡ് എന്റർപ്രൈസ് (FFE) നിക്ഷേപ പദ്ധതി കൈകാര്യം ചെയ്തതിൽ സംഘടനയ്ക്ക് പിഴവ് സംഭവിച്ചതായി ഫിഫ സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്സ്ട്രോം സമ്മതിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും, സംഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നും ഫിഫ അറിയിച്ചു.
മൊറോക്കോയിലെ റബാത്തിൽ ചേർന്ന ഫിഫ മാനേജ്മെന്റ് ബോർഡ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയും സെക്രട്ടറി ജനറൽ ഗ്രാഫ്സ്ട്രോമും ഫിഫയുടെ 211 അംഗ അസോസിയേഷനുകൾക്ക് അയച്ച കത്തിൽ, സംഭവത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയും ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
അതേസമയം, വിവാദങ്ങൾക്കിടയിലും ഫിഫ മാനേജ്മെന്റ് ബോർഡ് ഇൻഫാന്റീനോയ്ക്കുള്ള പൂർണ പിന്തുണ വീണ്ടും പ്രഖ്യാപിച്ചു. FFE പദ്ധതി പൂർണമായും ഉപേക്ഷിച്ചതായും ഫിഫ സ്ഥിരീകരിച്ചു. ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കാൻ ഫിഫയുടെ വാണിജ്യ അനുബന്ധ സ്ഥാപനത്തിലെ 20 ശതമാനം ഓഹരി വിൽക്കാനുള്ള പദ്ധതിയായിരുന്നു ഇത്. വിവിധ ഫുട്ബോൾ സംഘടനകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നാണ് പദ്ധതി പിൻവലിച്ചത്.

