വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രം ഹോർമുസ് തുറക്കുമെന്ന് ഇറാൻ

ടെഹ്റാൻ: യുഎസ് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കുക, യുദ്ധനാശത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്.

അതേസമയം, ഹോർമുസിലൂടെ സുരക്ഷിതമായി കപ്പലുകൾക്ക് കടന്നുപോകുന്നതിനുള്ള പുതിയ പാത സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സുരക്ഷിത നാവിഗേഷൻ, സമുദ്രസേവനങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും ധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. എന്നാൽ ഈ ധാരണ കടലിടുക്ക് പൂർണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ ആവശ്യങ്ങൾക്ക് പിന്നാലെ, ഇറാനിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇതോടെ ഹോർമുസ് തുറക്കുന്നതിനുള്ള ചർച്ചകൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ആഗോള എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമുസ്.

Leave a Reply

Your email address will not be published. Required fields are marked *