ക്യാൻബറ: ദക്ഷിണ പസഫിക് സമുദ്രത്തിൽ ചൈന നടത്തിയ ആണവശേഷിയുള്ള മിസൈൽ പരീക്ഷണത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള നാൽപ്പതിലേറെ രാജ്യങ്ങൾ. മിസൈലുകൾ, അന്തർവാഹിനിയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ (SLBM) എന്നിവ വിക്ഷേപിക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുൻപെങ്കിലും ബന്ധപ്പെട്ട രാജ്യങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈയിൽ ഓസ്‌ട്രേലിയയും ഫിജിയും തമ്മിൽ പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ച് മണിക്കൂറുകൾക്കകമാണ് ചൈന അന്തർവാഹിനിയിൽ നിന്ന് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. തുവാലുവിന് സമീപമാണ് ഇത് പതിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനമാണ് ഈ നടപടിക്കെതിരെ ചൈന നേരിട്ടത്.
വിക്ഷേപണ വിവരങ്ങൾ മുൻകൂട്ടി നൽകുന്നത് അപകട സാധ്യതകളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. മിസൈലിന്റെ വിഭാഗം, വിക്ഷേപണ സമയം, പ്രദേശം, ദിശ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ മുൻകൂർ അറിയിപ്പ് നൽകാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും രാജ്യങ്ങൾ വ്യക്തമാക്കി. പസഫിക് ദ്വീപ് രാജ്യങ്ങളായ പാലാവു, മാർഷൽ ഐലൻഡ്സ്, ന്യൂസിലാൻഡ് എന്നിവരും ഈ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

