കൊച്ചി: എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ കടമ്പ്രയാറിൽ ‘ഓണചമയം 2026’ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. കടമ്പ്രയാറിന്റെ തീരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മുൻ മന്ത്രി കെ. ബാബു ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ വ്യക്തമാക്കി.
ഓഗസ്റ്റ് 26 വരെ ഓണസദ്യയും ഓഗസ്റ്റ് 30 വരെ ദിവസവും വൈകിട്ട് ഏഴ് മണി മുതൽ വൈവിധ്യമാർന്ന സാംസ്കാരിക-കലാപരിപാടികളും കടമ്പ്രയാറിൽ അരങ്ങേറും. മ്യൂസിക് നൈറ്റ്, മ്യൂസിക്കൽ ബാൻഡ്, ഡി.ജെ, കൈകൊട്ടിക്കളി, മെഗാഷോ, ഡാൻസ് ഷോ തുടങ്ങിയ ആകർഷകമായ പരിപാടികളാണ് വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്. കലാപരിപാടികൾ കാണുന്നതിനുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ സാഹസിക പ്രേമികൾക്കായി കടമ്പ്രയാർ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കയാക്കിങ് ഉൾപ്പെടെയുള്ള ജലവിനോദ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി കടമ്പ്രയാറിന്റെ കൈവഴികളും പാലങ്ങളും ആകർഷകമായ രീതിയിൽ ദീപാലങ്കാരങ്ങളാൽ പ്രകാശപൂരിതമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായി ചടങ്ങുകളിൽ പങ്കെടുക്കും. ഓണാവധി ദിനങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ പറ്റിയ മികച്ചൊരു ഇടമായി കടമ്പ്രയാർ മാറിയിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ എം.പി. രാജൻ, കെ.കെ. ഷാജി, സുമയ്യ, ജോൺ സക്കറിയ, ഡി.ടി.പി.സി സെക്രട്ടറി ലിജോ, റഷീദ് കാച്ചാൻകുഴി, പഞ്ചായത്ത് മെമ്പർമാരായ എം.പി. മുഫസൽ, ഉല്ലാസ്, റെജി ഇല്ലിക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

