സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

മഹാബലിപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് ചേർന്ന ദക്ഷിണ മേഖലാ കൗൺസിൽ (സതേൺ സോണൽ കൗൺസിൽ) യോഗത്തിൽ സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങളും ആശങ്കകളും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരോഗ്യ പരിപാലന ഫണ്ടിംഗ്, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സുരക്ഷ എന്നിവയിൽ സഹകരണ ഫെഡറലിസം ഉറപ്പാക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിച്ച് തമിഴ്‌നാടിന് അർഹമായ മുഴുവൻ ജലവിഹിതവും നൽകാൻ കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ രൂപകൽപ്പന, നിർമ്മാണ സ്ഥലം, നിർമ്മാണ മേൽനോട്ടം എന്നിവ തമിഴ്‌നാടിന് വഹിക്കാമെന്നും പദ്ധതിയുടെ മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ച് കേരളത്തെ പ്രമുഖ തുറമുഖ നഗരവും സമുദ്ര സാമ്പത്തിക കേന്ദ്രവുമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഹകരണം മുഖ്യമന്ത്രി തേടി. തീരദേശ മണലിന്റെയും ധാതു വിഭവങ്ങളുടെയും മേലുള്ള സംസ്ഥാനങ്ങളുടെ നിയന്ത്രണം സംരക്ഷിക്കുന്നതിനായി ഖനി-ധാതു (വികസനവും നിയന്ത്രണവും) നിയമത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പാർലമെന്റിലെ ആകെ അംഗസംഖ്യ വർദ്ധിപ്പിക്കാതെ തന്നെ വനിതകൾക്കുള്ള മൂന്നിലൊന്ന് സംവരണം ഉടൻ നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലയിലെ സാമ്പത്തിക നീതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ആയുഷ്മാൻ ഭാരത് / കാസ്പ് പദ്ധതിക്കായി കഴിഞ്ഞ വർഷം കേരളം 1,493 കോടി രൂപ ചെലവഴിച്ചപ്പോൾ നാഷണൽ ഹെൽത്ത് അതോറിറ്റിയിൽ നിന്ന് 151 കോടി രൂപ മാത്രമാണ് സഹായമായി ലഭിച്ചതെന്നും ചെലവിന്റെ 90 ശതമാനത്തോളം സംസ്ഥാനമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഒരൊറ്റ പ്രീമിയം നിരക്ക് നിശ്ചയിക്കുന്നതിന് പകരം സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ നിരക്ക് നിശ്ചയിക്കണമെന്നും, എൻ.എഫ്.എസ്.എ ഡാറ്റാബേസിന് അനുസൃതമായി ഗുണഭോക്താക്കളുടെ അർഹത പുനർനിർണ്ണയിക്കണമെന്നും, യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹായം പുതുക്കണമെന്നും ആവശ്യപ്പെട്ടു. മതിയായ കേന്ദ്ര ഫണ്ട് ലഭിക്കാതെ മുതിർന്ന പൗരന്മാർക്ക് വയോ വന്ദന പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നത് സംസ്ഥാനങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുഗതാഗത സംവിധാനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിങ്സ് (എസ്.ആർ.ടി.യു) വാഹനങ്ങൾക്ക് ടോൾ പൂർണ്ണമായി ഒഴിവാക്കുകയോ ഇളവുകൾ അനുവദിക്കുകയോ ചെയ്യണം. തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻഗുഡ് റെയിൽവേ പദ്ധതികളുടെ അലൈൻമെന്റും ഡി.പി.ആറും വേഗത്തിൽ പൂർത്തിയാക്കാൻ കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം തേടി. വനമേഖലയിലെ രാത്രികാല യാത്രാ നിരോധനം പൂർണ്ണമായി ഏർപ്പെടുത്തുന്നതിന് പകരം ശാസ്ത്രീയമായ സമയക്രമവും കോൺവോയ് അടിസ്ഥാനത്തിലുള്ള ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേരളത്തിന്റെ 586 കിലോമീറ്റർ തീരപ്രദേശത്തിന്റെ 63 ശതമാനവും കടലാക്രമണ ഭീഷണിയിലായതിനാൽ തീരസംരക്ഷണത്തിനും പുനരധിവാസത്തിനുമുള്ള തുക എൻ.ഡി.ആർ.എഫ്/എസ്.ഡി.ആർ.എഫ് വഴി അനുവദിക്കാൻ കേന്ദ്രാനുമതി തേടി. പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെ തീരക്കടലിലെ മണൽ ബ്ലോക്കുകൾ ലേലം ചെയ്യുന്നത് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു. 14 ഇ-പോക്സോ കോടതികൾ ഉൾപ്പെടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 54 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ അന്വേഷണ സമയപരിധി പാലിക്കുന്നതിൽ 78 ശതമാനത്തിലധികം നേട്ടം കൈവരിച്ചിട്ടുണ്ടെന്നും ഇതിനായുള്ള കേന്ദ്ര പദ്ധതി നീട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തർസംസ്ഥാന തലത്തിൽ സുരക്ഷ ഉറപ്പാക്കാനും ലഹരിക്കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ തടയാനും പോലീസ് ആസ്ഥാന തലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും തത്സമയ രഹസ്യവിവര കൈമാറ്റവും സംയുക്ത അതിർത്തി പരിശോധനകളും ശക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *