ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; കേരള അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണന

കൊച്ചി: ബിജെപി വിട്ട നടനും മുൻ കേരള ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ തമിഴക വെട്രി കഴകം (ടിവികെ)യിൽ ചേരുന്നതായി റിപ്പോർട്ട്. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ കേരള ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേവനെ പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ടിവികെ നേതാക്കൾ വെള്ളിയാഴ്ച ചാലക്കുടിയിലെ ദേവന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ നടി പ്രിയങ്കയും പങ്കെടുത്തു. തുടർ ചർച്ചകൾക്കായി ദേവൻ സെപ്റ്റംബർ 10ന് ശേഷം ചെന്നൈയിലെത്തി ടിവികെ അധ്യക്ഷൻ വിജയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷമായിരിക്കും പദവി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.

കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ദേവൻ ബിജെപിയുടെ പ്രാഥമിക അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. ബിജെപിയുടെ രാഷ്ട്രീയ സമീപനം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. നേരത്തെ തന്നെ രാജിവയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2004ൽ കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചാണ് ദേവൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. പിന്നീട് നവകേരള പീപ്പിൾസ് പാർട്ടി രൂപീകരിക്കുകയും 2021ൽ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. 2023ലാണ് ദേവനെ കേരള ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചത്.

കേരളത്തിലും ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും രാഷ്ട്രീയ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ടിവികെയുടെ നീക്കത്തിന്റെ ഭാഗമായാണ് ദേവനുമായുള്ള ചർച്ചകളെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ദേവന് കേരള ഘടകത്തിന്റെ അധ്യക്ഷ സ്ഥാനം ലഭിക്കുമെന്നത് അന്തിമമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *