സിഡ്നി: കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും ദുരന്തമുഖങ്ങളിലും കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ കണ്ടെത്തി അടിയന്തര ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനായി കൂറ്റൻ പാറ്റകളെ റിമോട്ട് കൺട്രോൾ ‘സൈബോർഗ് പാരാമെഡിക്‌സ്’ (Paraborgs) ആക്കി മാറ്റി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെയും (UQ) ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെയും (UNSW) ഗവേഷകരാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
പാറ്റകളുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളും ചെറിയ ഇലക്ട്രോണിക് ബാക്ക്‌പാക്കുകളും വഴിയാണ് ഇവയെ വിദൂരത്തിരുന്ന് നിയന്ത്രിക്കുന്നത്. ക്യാമറകളും ചെറിയ കുത്തിവെയ്പ്പ് സംവിധാനങ്ങളും (Miniature Injection Systems) വഹിക്കാൻ ശേഷിയുള്ളവയാണ് ഈ സൈബോർഗ് പാറ്റകൾ. ലബോറട്ടറിയിൽ നടത്തിയ 25 പരീക്ഷണങ്ങളിലും ഇവ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. മുഴുവൻ ഇൻജക്ഷൻ പ്രക്രിയയും പൂർത്തിയാക്കുന്നതിൽ 72 ശതമാനം വിജയവും, അടുത്ത പരിധിയിലുള്ള ഇൻജക്ഷനുകളിൽ 95 ശതമാനം വരെ വിജയവും കൈവരിക്കാൻ സാധിച്ചതായി ഗവേഷകർ വ്യക്തമാക്കി.
നിലവിൽ സിലിക്കണിലും പന്നിയുടെ ചർമ്മത്തിലുമാണ് ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. മനുഷ്യരിൽ ഇത് പരീക്ഷിച്ചിട്ടില്ലെന്നും യഥാർത്ഥ രക്ഷാപ്രവർത്തനങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഇനിയും അഞ്ച് മുതൽ പത്ത് വർഷം വരെ സമയമെടുക്കുമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. രക്ഷാപ്രവർത്തകർക്ക് നേരിട്ടെത്താൻ കഴിയാത്ത അതീവ ദുർഘടമായ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷകരെത്തുന്നതിന് മുൻപ് തന്നെ ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാൻ ഇത്തരം സൈബോർഗ് കൂട്ടങ്ങൾക്ക് ഭാവിയിൽ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

