താഷ്കെന്റ്: നാല് ദിവസത്തെ ഔദ്യോഗിക മധ്യേഷ്യൻ സന്ദർശനത്തിന്റെ ആദ്യ പാദമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിലെത്തി. സന്ദർശനവേളയിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
യാത്രയുടെ രണ്ടാം ഘട്ടമായി കിർഗിസ് റിപ്പബ്ലിക്കിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, കിർഗിസ് പ്രസിഡന്റ് സദിർ ജാപ്പറോവിന്റെ ക്ഷണപ്രകാരം ബിഷ്കെക്കിൽ നടക്കുന്ന 26-ാമത് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കും. നാലു ദിവസത്തെ പര്യടനത്തിനായി രാവിലെയാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് യാത്രയ്ക്ക് മുന്നോടിയായി പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

