അങ്കമാലി: കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടി. ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (29), പുന്നപ്ര ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസ് (28) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അങ്കമാലി ടി.ബി ജംഗ്ഷന് സമീപത്തുനിന്ന് പ്രതികൾ വലയിലായത്. കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന ബാഗുകളിൽ പ്രത്യേകമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ആലപ്പുഴ ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടുപോകാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സി. ബിനു കുമാർ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ്, അങ്കമാലി എസ്.എച്ച്.ഒ പി.എം. റാസിക് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

