6.8 കോടി ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കൽ സംഘം പിടിയിൽ; 1.5 കോടി ഡോളറിന്റെ അനധികൃത പുകയില ഉൽപന്നങ്ങളും പണവും പിടിച്ചെടുത്തു

സിഡ്‌നി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ 68 ദശലക്ഷം ഡോളറിന്റെ (6.8 കോടി ഡോളർ) കള്ളപ്പണം വെളുപ്പിച്ച സംഘടിത കുറ്റകൃത്യ ശൃംഖലയെ തകർത്ത് എൻ.എസ്.ഡബ്ല്യു (NSW) പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ ഏകദേശം 15 ദശലക്ഷം ഡോളർ വിപണിമൂല്യം വരുന്ന 1.4 കോടിയോളം അനധികൃത സിഗരറ്റുകളും 29 കിലോഗ്രാം ലൂസ്-ലീഫ് പുകയിലയും അധികൃതർ പിടിച്ചെടുത്തു.

ഇതിനുപുറമെ, 1.6 ദശലക്ഷം ഡോളർ പണവും മൂന്ന് ജെൽ-ബ്ലാസ്റ്റർ റൈഫിളുകളും പോലീസ് കണ്ടെടുത്തു. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം ഒളിപ്പിക്കുന്നതിനായി പ്രതികൾ ക്രിപ്റ്റോകറൻസി വ്യാപകമായി ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

രാജ്യത്തെ നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന സാധാരണക്കാരെ വഞ്ചിച്ച്, സംഘടിത കുറ്റകൃത്യങ്ങളിലേക്ക് വൻതോതിൽ പണം ഒഴുക്കുന്ന ഒന്നായി അനധികൃത പുകയില വ്യാപാരം മാറിയതായി അധികൃതർ ചൂണ്ടിക്കാട്ടി. സംഘടിത മാഫിയകൾക്കായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നവർക്ക് പരോളില്ലാത്ത ദീർഘകാല തടവും പൂർണ്ണ സ്വത്ത് കണ്ടുകെട്ടലും ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *