മെൽബണിൽ വാഹനാപകടം, സ്‌കൂൾ വിദ്യാർത്ഥി മരിച്ചു; ആറ് കുട്ടികൾക്ക് പരിക്ക്

മെൽബൺ: മെൽബണിന്റെ പടിഞ്ഞാറൻ മേഖലയായ ബാക്കസ് മാർഷിനടുത്ത് പാർവാനിൽ വാഹനം തലകീഴായി മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

അപകടസ്ഥലത്തുവെച്ച് തന്നെ സിപിആർ നൽകി രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റി. മറ്റ് അഞ്ച് കുട്ടികൾക്ക് നിസാര പരിക്കുകളാണുള്ളത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേജർ കൊളീഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനെത്തിയ അടിയന്തര വിഭാഗം ഉദ്യോഗസ്ഥർക്ക് അധികൃതർ നന്ദി അറിയിക്കുകയും ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കും സ്‌കൂൾ അധികൃതർക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അപകടം നേരിൽ കണ്ടവരോ ഡാഷ്‌കാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ മുൻനിർത്തി പ്രാദേശിക റോഡുകളിലെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *