ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കൂടിയ വനിത ലോർണ ഹെൻസ്ട്രിഡ്ജ് (112) അന്തരിച്ചു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ലോർണ ഹെൻസ്ട്രിഡ്ജ് (112) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ആഴ്ചകളോളം ചികിത്സയിലായിരുന്നതിനെ തുടർന്നായിരുന്നു അന്ത്യം.

ഒന്നാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് 1914-ൽ അഡ്‌ലെയ്ഡിൽ ജനിച്ച ലോർണ, ഒരു നൂറ്റാണ്ടിലധികം നീണ്ട അസാധാരണമായ ചരിത്രമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രണ്ട് ലോകമഹായുദ്ധങ്ങൾ, രണ്ട് ആഗോള മഹാമാരികൾ, ഓസ്‌ട്രേലിയയുടെ 26 പ്രധാനമന്ത്രിമാരുടെ ഭരണകാലഘട്ടങ്ങൾ എന്നിവയെല്ലാം അവരുടെ ജീവിതകാലത്ത് കടന്നുപോയി. 105-ാം വയസ്സുവരെ മറ്റാരുടെയും സഹായമില്ലാതെ സ്വതന്ത്രമായാണ് അവർ ജീവിച്ചിരുന്നത്.

റെഡ് ക്രോസ് പ്രവർത്തനങ്ങളിലും സൈനികർക്കുള്ള സഹായങ്ങൾ എത്തിക്കുന്നതിലുമടക്കം വർഷങ്ങളോളം സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എപ്പോഴും കർമ്മനിരതരായിരിക്കുക, ആധുനിക ചിന്തകളെ ഉൾക്കൊള്ളുക, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക എന്നിവയായിരുന്നു ദീർഘായുസ്സിനായി അവർ നൽകിയിരുന്ന ഉപദേശം. മൂന്ന് മക്കളും ഏഴ് പേരക്കുട്ടികളും ഒമ്പത് പൂട്ടിമക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തെയും 112 വർഷത്തെ ഓർമ്മകളെയും ബാക്കിയാക്കിയാണ് ലോർണ വിടവാങ്ങിയത്. അവരുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *