സിഡ്നി: സിഡ്നിയിലെ കലാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് കാൻവാസ് സിനിമാറ്റിക് സ്റ്റേജ് ഷോയായ ‘യൂത്ത് ഫെസ്റ്റിവൽ: ചെസ്റ്റ് നമ്പർ വൺ ഓൺ സ്റ്റേജ്’ അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി. പ്രശസ്ത സംവിധായകൻ ശരത് സുന്ദറിന്റെ നേതൃത്വത്തിൽ തിര ആർട്സ് ലാബ് (Thira Arts Lab) ഒരുക്കുന്ന ഈ ബൃഹദ് പദ്ധതി ഒക്ടോബർ 24 വ്യാഴാഴ്ച ലിവർപൂൾ പവർഹൗസിലാണ് (Liverpool Powerhouse) അരങ്ങേറുന്നത്. ഉച്ചയ്ക്ക് 1:00 മണിക്കും വൈകുന്നേരം 6:00 മണിക്കും എന്നിങ്ങനെ രണ്ട് ഷോകളായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
വെള്ളിത്തിരയുടെയും തൽസമയ നാടകത്തിന്റെയും സാധ്യതകളെ സമന്വയിപ്പിച്ചുകൊണ്ട് സിനിമയും നാടകവും നൃത്തവും സംഗീതവും ഒത്തുചേരുന്ന തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യവിസ്മയമായിരിക്കും ഈ മൂന്നര മണിക്കൂർ മെഗാ ഷോ എന്ന് സംഘാടകർ അറിയിച്ചു. സിഡ്നിയിലെ പ്രാദേശിക കലാകാരന്മാരായ നൂറോളം പേരാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനായുള്ള പരിശീലനത്തിൽ അണിനിരന്നിട്ടുള്ളത്.
ഒരു യൂത്ത് ഫെസ്റ്റിവലിനിടയിൽ നടക്കുന്ന അപ്രതീക്ഷിത മരണവും തുടർന്നുള്ള അന്വേഷണങ്ങളും പ്രമേയമാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലാണ് ഈ നാടകം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ കഥാഗതിയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ഏഴ് എപ്പിസോഡുകളുള്ള ഒരു വെബ് സീരീസ് തിര ആർട്സ് ലാബ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ തിര ആർട്സ് ലാബിന്റെ ബാനറിൽ ശരത് സുന്ദർ തന്നെ സംവിധാനം ചെയ്ത ‘പ്രെല്യൂഡ്: ബിയോണ്ട് ദി ടൈറ്റിൽ’ (Prelude: Beyond the Title) എന്ന ഷോ വൻ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. ആ വിജയത്തുടർച്ചയുടെ പശ്ചാത്തലത്തിൽ കൂടുതൽ സാങ്കേതിക മികവോടെ എത്തുന്ന പുതിയ ഷോയുടെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുന്നതിനാൽ, കലാസ്വാദകർ https://thiraarts.orgnyse.com.au/ എന്ന ലിങ്ക് സന്ദർശിച്ച് മുൻകൂട്ടി സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

