സംസ്ഥാന പോലീസ് ഗെയിംസ്; മാരത്തോൺ ദീപശിഖാ പ്രയാണത്തിന് റൂറൽ ജില്ലയിൽ സ്വീകരണം

പറവൂർ: നാൽപ്പത്തിയേഴാമത് സംസ്ഥാന പോലീസ് ഗെയിംസ് ആൻ്റ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായുള്ള മാരത്തോൺ ദീപശിഖാ പ്രയാണത്തിന് റൂറൽ ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകി. കോട്ടപ്പുറം പാലത്തിൽ വെച്ച് ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് മൂത്തകുന്നം ശ്രീനാരായണ മംഗലം അമ്പലമൈതാനിയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഓപ്പറേഷൻ തൂഫാൻ’ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണെന്നും എല്ലാവരും തൂഫാൻ പോരാളികളായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം സ്പോർട്സ് ആണ്. കൂടുതൽ കുട്ടികളെ കായിക മേഖലയിലേക്ക് കൊണ്ടുവരണം. സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധ്യമുള്ള ഒരാൾ ഒരിക്കലും ലഹരിമരുന്നിന് അടിമയാകില്ലെന്നും, കൂടുതൽ കായിക താരങ്ങളെ പോലീസിലേക്ക് കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തുടർന്ന് മുഖ്യമന്ത്രി ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് കുറുപ്പ്, അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ മൊയ്തീൻ നൈന, ഏഷ്യാഡ് മെഡൽ ജേതാവ് പി.വി. വിത്സൻ, അന്താരാഷ്ട്ര ഫുട്ബോൾ താരം ഹർഷൻ, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാൻഡന്റ് ജാക്സൻ പീറ്റർ, എ.എസ്.പിമാരായ ഹാർദ്ദിക് മീണ, ഡോ. അനുപമ, ഡിവൈ.എസ്.പി അബ്ദുൾ സലാം, വാർഡ് മെമ്പർ വി.ഡി. ദീപു ലാൽ, അഡീഷണൽ എസ്.പി ടി.ബി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. ജയരാജ് അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ഓട്ടൻതുള്ളൽ, എടവനക്കാട് കെ.പി.എം.എച്ച് സ്കൂൾ, പുല്ലംകുളം എസ്.എൻ.എച്ച് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സജീവ് മാഞ്ഞാലി, ജലീൽ പറവൂർ തുടങ്ങിയവരുടെ ലഘുനാടകം, പ്രേംദാസ് കിഴക്കഞ്ചേരിയുടെ മാജിക് ഷോ എന്നിവയും അരങ്ങേറി. ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്‌സ്’ എന്ന സന്ദേശമുയർത്തി സെപ്റ്റംബർ 5 മുതൽ 8 വരെയാണ് മാരത്തോൺ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *