കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രീയ പ്രതിരോധ സംവിധാനം അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രതിരോധത്തിനുമായി ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശക്തമായ ഇടപെടൽ നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ വെൽബീയിങ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിശീലന പരിപാടിയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, കുട്ടികളുടെ മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഒരു മാസം നീളുന്ന ബോധവൽക്കരണ ക്യാമ്പയിനാണ് തുടക്കമാകുന്നത്. ”സംഭാഷണം ആരംഭിക്കാം, സംസാരിക്കാം, കേൾക്കാം, പിന്തുണയ്ക്കാം” എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കി തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഇത്തരം ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ഒരു മാസത്തെ ക്യാമ്പയിൻ എന്നതിലുപരി, സർക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോജക്റ്റായി ഉൾപ്പെടുത്തി, അഞ്ചുവർഷത്തെ സമഗ്ര പദ്ധതിയായി ഇതിനെ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള അമിത പഠനസമ്മർദ്ദം കുട്ടികളിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുതിയ സാമൂഹിക സാഹചര്യത്തിൽ കുടുംബബന്ധങ്ങളിലെ ആശയവിനിമയക്കുറവുകൾ പരിഹരിക്കാൻ സംസാരിക്കാനും കേൾക്കാനും തയാറാകുന്ന അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. കുട്ടികളോട് തുറന്നു സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ കേൾക്കാനും മുതിർന്നവർ സമയം കണ്ടെത്തണം. ഓരോ കുട്ടിയെയും കേൾക്കുന്നതിന്റെയും ശ്രദ്ധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഒരു സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *