ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നൽകുന്നതിനായി ആർട്ടിക്കിൾ 371ൽ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 9ന് ലഡാക്കിലെ ലേ അപെക്സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) പ്രതിനിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിർദേശം ഉയർന്നത്.
പുതിയ ആർട്ടിക്കിൾ 371(K) പ്രകാരം ലഡാക്കിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഒരു ഭരണസംവിധാനം രൂപീകരിക്കാനാണ് നിർദേശം. ഭൂമി, സംസ്കാരം, ഭാഷ, വനം, പരിസ്ഥിതി, പ്രകൃതിവിഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഈ സംവിധാനത്തിന് നിയമനിർമാണ അധികാരം നൽകുന്നതാണ് പരിഗണനയിലുള്ളത്.
എന്നാൽ നിർദേശത്തിന്റെ അന്തിമ രൂപം ഇതുവരെ തയ്യാറായിട്ടില്ല. ഭരണപരമായ അധികാരം, ധനകാര്യ നിയന്ത്രണം, ആസൂത്രണം, പൊലീസ്-നിയമപാലനം തുടങ്ങിയ വിഷയങ്ങളിൽ പുതിയ സംവിധാനത്തിന് എത്രത്തോളം അധികാരം ലഭിക്കുമെന്നതും വ്യക്തമല്ല. ഇക്കാര്യങ്ങളിൽ തുടർചർച്ചകൾ ആവശ്യമാണ്.
2019ൽ ജമ്മു കശ്മീരിന്റെ പുനഃസംഘടനയ്ക്ക് പിന്നാലെയാണ് ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായത്. തുടർന്ന് ഭൂമി, തൊഴിൽ, സാംസ്കാരിക-ജനസംഖ്യാപരമായ സംരക്ഷണം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കാൻ പ്രത്യേക ഭരണഘടനാ പരിരക്ഷയും കൂടുതൽ സ്വയംഭരണവും ആവശ്യപ്പെട്ട് ലഡാക്കിൽ പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു.
ആർട്ടിക്കിൾ 371(K) സംബന്ധിച്ച നിർദേശം ലഡാക്കിന് പ്രത്യേകമായ ഭരണഘടനാ സംവിധാനമൊരുക്കുന്നതായിരിക്കും. എന്നാൽ ഇത് സംസ്ഥാന പദവിയോ പൂർണ നിയമസഭയോ നൽകുന്ന നിർദേശമല്ല. നിർദേശത്തിന്റെ അന്തിമ കരട് തയ്യാറാകുകയും പാർലമെന്റിന്റെ അംഗീകാരം ലഭിക്കുകയും ചെയ്ത ശേഷമേ പുതിയ സംവിധാനത്തിന്റെ അധികാരപരിധി വ്യക്തമാകൂ.

