വാഷിങ്ടൺ: വാഷിങ്ടൺ ഡിസിയിലെ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദ പെർഫോമിങ് ആർട്സിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂട്ടിച്ചേർക്കാനുള്ള നീക്കം യുഎസ് ഫെഡറൽ കോടതി വീണ്ടും തടഞ്ഞു. കോൺഗ്രസിന്റെ അനുമതിയില്ലാതെ കെന്നഡി സെന്ററിന്റെ ഔദ്യോഗിക പേരിലോ കെട്ടിടത്തിലോ ട്രംപിന്റെ പേരിലുള്ള സ്മാരകമോ രേഖപ്പെടുത്തലോ നടത്താൻ ഭരണസമിതിക്ക് അധികാരമില്ലെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ വ്യക്തമാക്കി.
ട്രംപിന്റെ പേര് കെന്നഡി സെന്ററിന്റെ പേരിൽ ഉൾപ്പെടുത്താനും സ്ഥാപനത്തിന്റെ പരിസരത്തിന് ‘പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപ് പ്ലാസ’ എന്ന പേര് നൽകാനുമുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരായ ഹർജിയിലാണ് പുതിയ കോടതി ഉത്തരവ്. 1964-ൽ കോൺഗ്രസ് നിയമത്തിലൂടെ സ്ഥാപിച്ച സ്ഥാപനത്തിന്റെ പേര് മാറ്റാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ് എന്നതാണ് കോടതിയുടെ നിലപാട്. മേയിലും സമാനമായ നിലപാട് കോടതി സ്വീകരിച്ചിരുന്നു.
കോടതി ഉത്തരവിന് പിന്നാലെ കെന്നഡി സെന്റർ ഭരണസമിതി പ്രധാന കെട്ടിടം അടച്ചുപൂട്ടി വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. ഏകദേശം 257 മില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണത്തിനായി രണ്ടു വർഷത്തേക്ക് കെട്ടിടം അടച്ചിടാനാണ് ബോർഡ് തീരുമാനിച്ചത്. കെട്ടിടത്തിന്റെ സുരക്ഷയും സാമ്പത്തിക സ്ഥിതിയും ചൂണ്ടിക്കാട്ടിയാണ് ഭരണസമിതി നടപടി ന്യായീകരിക്കുന്നത്.
എന്നാൽ കെന്നഡി സെന്റർ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നടപടി നിയമപരമാണോ എന്നതിലും തർക്കമുണ്ട്. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ ജഡ്ജി കൂപ്പർ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിനിധി സഭാംഗവും കെന്നഡി സെന്റർ ബോർഡ് അംഗവുമായ ജോയ്സ് ബീറ്റിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്.
കെന്നഡി സെന്റർ ബോർഡിന്റെ ചെയർമാനായ ട്രംപ്, കോടതി തീരുമാനം തന്റെ പേരിനെ കെട്ടിടത്തിൽ ഉൾപ്പെടുത്തുന്നതിനെ തടഞ്ഞാൽ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകില്ലെന്ന് വ്യക്തമാക്കി. കോടതി വിധി മേൽക്കോടതികളിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും ഭരണസമിതി പറയുന്നു. അടുത്തിടെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ സംഭവവും നവീകരണത്തിന് അടിയന്തരതയുണ്ടെന്ന വാദത്തിന് ഭരണസമിതി ചൂണ്ടിക്കാട്ടുന്നുണ്ട്. മറുവശത്ത്, കെന്നഡി സെന്റർ അടച്ചുപൂട്ടാനുള്ള തീരുമാനം മുൻ കോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിക്കുന്നു.
കെന്നഡി സെന്റർ 1971-ൽ പ്രവർത്തനം ആരംഭിച്ചതും പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സ്മാരകമായി കോൺഗ്രസ് സ്ഥാപിച്ചതുമായ ദേശീയ കലാസ്ഥാപനമാണ്. പേരുമാറ്റം, ഭരണസമിതിയുടെ നിയന്ത്രണം, നവീകരണം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിയമനടപടികൾ ഇതോടെ തുടരുകയാണ്.

