തൊടുപുഴ: നഗരത്തിലെ ബി.എം.എച്ച് ആശുപത്രിയിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തിൽ ചികിത്സാ നിരക്കുകൾ ഈടാക്കുന്നതായി ഗുരുതര ആരോപണം. തൊടുപുഴ നഗരസഭാ വാർഡ് കൗൺസിലർ കെ. എം. നിഷാദാണ് ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏറ്റവും ചെറിയ നോൺ-എസി മുറിക്ക് പോലും പ്രതിദിനം 3,500 രൂപ വാടക ഈടാക്കുന്നുണ്ടെന്നും, സാധാരണ ചികിത്സകൾക്ക് പോലും 50,000 രൂപ മുതൽ ചെലവ് വരുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുമ്പ് സാധാരണക്കാർ ആശ്രയിച്ചിരുന്ന ചാഴിക്കാട്ട് ആശുപത്രി ബി.എം.എച്ച് ഏറ്റെടുത്ത് മൾട്ടി-സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെയാണ് ചികിത്സാച്ചെലവ് കുത്തനെ ഉയർന്നതെന്നാണ് പ്രധാന ആക്ഷേപം. ഇത് പഴയ ചാഴിക്കാട്ട് ആശുപത്രിയാണെന്ന് കരുതി സാധാരണക്കാർ ചികിത്സ തേടി എത്തരുതെന്ന് സമൂഹമാധ്യമ കുറിപ്പിലൂടെ നിഷാദ് മുന്നറിയിപ്പ് നൽകി. ഉയർന്ന ബില്ലുകൾ കാരണം സാധാരണക്കാർക്ക് വലിയ ചികിത്സകൾക്കായി സ്വത്തുക്കൾ വരെ പണയം വയ്ക്കേണ്ട ഗതികേടാണെന്നും, ബില്ലുകളിലെ ഓരോ തുകയ്ക്കും മാനേജ്മെന്റ് കൃത്യമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സാധാരണക്കാരെ സാമ്പത്തികമായി ബാധിക്കുന്ന ഇത്തരം അമിത നിരക്കുകൾക്കെതിരെ ശക്തമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും നിഷാദ് അറിയിച്ചു. അതേസമയം, ജനപ്രതിനിധി ഉന്നയിച്ച ഈ ഗുരുതര ആരോപണങ്ങളിൽ ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

