ജനസംഖ്യാ വർധനവിൽ വീർപ്പുമുട്ടി ഓസ്ട്രേലിയൻ നഗരപ്രാന്തങ്ങൾ; അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കണമെന്ന് ആവശ്യം

മെൽബൺ: ജനസംഖ്യാ വർധനവിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്തതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ പ്രധാന നഗരപ്രാന്തങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഗതാഗതക്കുരുക്ക് രൂക്ഷമായ റോഡുകളും നിറഞ്ഞുകവിയുന്ന ട്രെയിനുകളും പ്രതിസന്ധിയിലായ പൊതുസംവിധാനങ്ങളും കാരണം ജനജീവിതം ദുരിതപൂർണ്ണമാകുകയാണ്. 2011-ൽ കേവലം 15,000 ജനസംഖ്യയുണ്ടായിരുന്ന മെൽബണിലെ ടാർനെറ്റിൽ (Tarneit) നിലവിൽ താമസക്കാരുടെ എണ്ണം 60,000 കടന്നു. അടുത്ത 20 വർഷത്തിനുള്ളിൽ ടാർനെറ്റ്, ട്രുഗാനിന (Truganina) മേഖലകളിലെ ജനസംഖ്യ 1,80,000-ൽ എത്തുമെന്നാണ് കണക്കാക്കുന്നത്.

റോഡുകൾ, പൊതുഗതാഗതം, മറ്റ് സാമൂഹിക സൗകര്യങ്ങൾ എന്നിവയിലെല്ലാം അമിതമായ സമ്മർദ്ദമാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. 2026 മാർച്ച് വരെയുള്ള ഒരു വർഷത്തിനിടെ മാത്രം 3,92,700 ആളുകളാണ് ഓസ്ട്രേലിയൻ ജനസംഖ്യയിലേക്ക് പുതുതായി ചേർന്നത്. ഇതിൽ 2,92,100 പേരും വിദേശ കുടിയേറ്റം വഴിയെത്തിയവരാണ്.

എല്ലാ പ്രശ്നങ്ങൾക്കും കാരണം കുടിയേറ്റമാണെന്ന് കുറ്റപ്പെടുത്താനാവില്ലെന്നും, ജനസംഖ്യാ വളർച്ചയ്ക്കൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിൽ ആവശ്യമായ നിക്ഷേപം നടത്താത്തതാണ് യഥാർത്ഥ വീഴ്ചയെന്നും പ്രദേശവാസികൾ ‘ദി ഏജ്’ പത്രത്തോട് പ്രതികരിച്ചു. പാർപ്പിടം, റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ, പൊതുഗതാഗതം എന്നിവ പര്യാപ്തമാകുന്നതുവരെ ജനസംഖ്യാ വളർച്ചയുടെ വേഗത നിയന്ത്രിക്കണമോ, അതോ കൂടുതൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കണമോ എന്ന ചർച്ച ഓസ്ട്രേലിയയിൽ ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *