മനാസ്ലുവിൽ ഹിമപാതം; ഇന്ത്യൻ വംശജനായ ജർമൻ പർവതാരോഹകനും നേപ്പാളി ഗൈഡും മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മനാസ്ലുവിൽ (8,163 മീറ്റർ) ഉണ്ടായ ഹിമപാതത്തിൽ ഇന്ത്യൻ വംശജനായ ജർമൻ പർവതാരോഹകനും നേപ്പാളി ഷെർപ്പ ഗൈഡും മരിച്ചു. ധ്രുബജ്യോതി ഗുഹ, ഫുർസെംബ ഷെർപ്പ എന്നിവരാണ് മരിച്ചത്.

മനാസ്ലുവിലെ ക്യാംപ് 3-ൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. മോശം കാലാവസ്ഥയ്ക്കിടെ ഇരുവരും ക്യാംപ് 2ൽനിന്ന് ക്യാംപ് 3ലേക്ക് മുന്നേറിയിരുന്നു. ഇതിനിടെ ഇവർ താമസിച്ചിരുന്ന ടെന്റിന് മുകളിലേക്ക് ഹിമപാതം പതിക്കുകയായിരുന്നു. ഏകദേശം ഏഴ് അടി മഞ്ഞിനടിയിൽപ്പെട്ട നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

ഇരുവരുമായുള്ള ആശയവിനിമയം നിലച്ചതിനെ തുടർന്ന് രക്ഷാസംഘം ക്യാംപ് 3ലേക്ക് തിരച്ചിൽ നടത്തുകയായിരുന്നു. മോശം കാലാവസ്ഥയും വീണ്ടും ഹിമപാതമുണ്ടാകാനുള്ള സാധ്യതയും കാരണം മൃതദേഹങ്ങൾ ഉടൻ താഴേക്കെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് മൃതദേഹങ്ങൾ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

ജർമനിയിൽ താമസിച്ചിരുന്ന ധ്രുബജ്യോതി ഗുഹ ഇന്ത്യൻ വംശജനാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായിരുന്ന അദ്ദേഹം ദീർഘദൂര ട്രെയിൽ റണ്ണറായും ശ്രദ്ധേയനായിരുന്നു. നേപ്പാളിലെ മകാലു മേഖലയിൽ നിന്നുള്ള ഫുർസെംബ ഷെർപ്പ പരിചയസമ്പന്നനായ പർവത ഗൈഡായിരുന്നു. എവറസ്റ്റ് ഉൾപ്പെടെ നിരവധി ഉയരം കൂടിയ പർവതങ്ങൾ അദ്ദേഹം കീഴടക്കിയിട്ടുണ്ട്.

ഈ മരണത്തോടെ നിലവിലെ സീസണിൽ മനാസ്ലുവിലെ മരണം നാലായി. നേരത്തെ സിംഗപ്പൂർ സ്വദേശിയായ ഒരു പർവതാരോഹകനും നേപ്പാളി ഗൈഡും വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചിരുന്നു. ഈ സീസണിൽ മനാസ്ലു കയറാൻ നൂറുകണക്കിന് വിദേശ പർവതാരോഹകർക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *