തിരുവനന്തപുരം: 2026 ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ചരിത്രനേട്ടം കൈവരിച്ച വിദർശയെ കേരളത്തിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും തുടർന്നുള്ള കായികയാത്രയ്ക്ക് സംസ്ഥാനത്തിന്റെ പിന്തുണയും സഹായവും ഉറപ്പുനൽകുകയും ചെയ്തു.
എലവേനിൽ വാളറിവൻ, സോനം മസ്കർ എന്നിവർക്കൊപ്പമാണ് വിദർശ ഇന്ത്യൻ ടീമിൽ മത്സരിച്ചത്. 1898.0 പോയിന്റ് നേടിയാണ് ഇന്ത്യൻ സംഘം വെള്ളി സ്വന്തമാക്കിയത്. ചൈന 1904.2 പോയിന്റോടെ സ്വർണവും ജപ്പാൻ 1897.1 പോയിന്റോടെ വെങ്കലവും നേടി. ഇതോടെ 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡലും ഷൂട്ടിങ്ങിലൂടെയായി.
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും വിദർശ സ്വന്തമാക്കി. വനിതാ ഷൂട്ടിങ്ങിൽ കേരളത്തിൽനിന്ന് ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വിദർശയ്ക്ക് ലഭിച്ചു. ആദ്യ ഏഷ്യൻ ഗെയിംസിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
വിദർശയുടെ അടുത്ത പ്രധാന മത്സരം വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിലാണ്. സെപ്റ്റംബർ 26നാണ് മത്സരം നടക്കുക.
സംസ്ഥാന കായികമന്ത്രി ഒ.ജെ. ജെനീഷും വിദർശയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന കായികതാരങ്ങൾക്ക് അവരുടെ യോഗ്യത അനുസരിച്ച് സർക്കാർ ജോലി നൽകുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നതായി മന്ത്രിയും അറിയിച്ചു.

