ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ടവർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സുരക്ഷാസേന ആറ് ഗ്രാമവാസികളെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. സെപ്റ്റംബർ 19 രാത്രി മോട്ട്ബുങ്ങിലും സമീപ പ്രദേശങ്ങളിലും ആരംഭിച്ച പ്രതിഷേധം അർധരാത്രിവരെ നീണ്ടു.
ഖോലെൻ ഗ്രാമത്തിൽനിന്നുള്ള ആറ് പേരെ സുരക്ഷാസേന കാരണമൊന്നും വ്യക്തമാക്കാതെ കസ്റ്റഡിയിലെടുത്തെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അതേസമയം, ചാവാങ്കിനിങ് ഗ്രാമത്തിന് സമീപം അടുത്തിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന കുക്കി തീവ്രവാദികളെ സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് പിടികൂടിയതായാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. വിവിധ റിപ്പോർട്ടുകളിൽ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം ആറ് എന്നും ഏഴ് എന്നും വ്യത്യസ്തമായി പറയുന്നുണ്ട്.
പ്രതിഷേധക്കാർ റോഡിൽ ടയറുകൾ കത്തിക്കുകയും സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. സുരക്ഷാസേനയുടെ വാഹനങ്ങളുടെ സഞ്ചാരം തടയുന്നതിനായി മോട്ട്ബുങ്ങിൽ ഇംഫാൽ–ദിമാപുർ ദേശീയപാത രണ്ടിന്റെ ചില ഭാഗങ്ങൾ കുഴിച്ചതായും അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ ഏതാനും പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.
തുടർന്ന് കസ്റ്റഡിയിലെടുത്ത ഗ്രാമവാസികളെ സുരക്ഷാസേന വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
മണിപ്പൂരിൽ കുക്കി–മെയ്തെയ് വിഭാഗങ്ങൾക്കിടയിലെ സംഘർഷം തുടരുന്നതിനിടെയാണ് പുതിയ പ്രതിഷേധം. അടുത്തിടെ കുക്കി വിഭാഗത്തിൽപ്പെട്ട നാല് പേർ കൊല്ലപ്പെട്ട സംഭവത്തിലും കുക്കി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

