കൊച്ചി: കുട്ടികളുടെ സൈബർ സുരക്ഷ ലക്ഷ്യമിട്ട് കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കിഡ് ഗ്ലൗവ് സമ്മിറ്റ് 2026’ ഒക്ടോബർ 8ന് കൊച്ചിയിൽ നടക്കും. കൊച്ചി ലെ മെറിഡിയനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സമ്മിറ്റിൽ പങ്കെടുക്കും.
കുട്ടികൾക്ക് ഡിജിറ്റൽ ലോകം സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കാൻ സഹായിക്കുന്ന കേരള പോലീസിന്റെ കുട്ടികളുടെ സൈബർ സുരക്ഷാ പദ്ധതിയാണ് കിഡ് ഗ്ലൗവ്. സൈബർ സുരക്ഷയെക്കുറിച്ച് അറിവുള്ള കുട്ടികൾ, വിഷയങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന രക്ഷിതാക്കൾ, ഉത്തരവാദിത്വമുള്ള അധ്യാപകർ, കുട്ടികൾക്ക് ആവശ്യമായ സഹായം നൽകുന്ന പിന്തുണാ സംവിധാനം എന്നിവ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സൈബർ സുരക്ഷാ ബോധവത്കരണത്തിൽ നിന്ന് കൂടുതൽ വിപുലമായ പിന്തുണാ സംവിധാനത്തിലേക്ക് പദ്ധതിയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കിഡ് ഗ്ലൗവ് 2.0 അവതരിപ്പിക്കുന്നത്. സ്കൂളുകൾ, അധ്യാപകർ, വിദ്യാർഥികൾ, കൗൺസിലർമാർ, സൈബർ പോലീസ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെ ഉൾപ്പെടുത്തി കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി ഏകോപിത സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.
സമ്മിറ്റിന് മുന്നോടിയായി ഒക്ടോബർ 7ന് കടവന്ത്ര ടോക്ക് എച്ച് സ്കൂളിൽ 175 വിദ്യാർഥികൾ പങ്കെടുക്കുന്ന മോഡൽ യുണൈറ്റഡ് നേഷൻസ് (MUN) പരിപാടിയും നടക്കും. അന്താരാഷ്ട്ര നിയമനിർമാണ വേദികളുടെ മാതൃകയിൽ നടക്കുന്ന ചർച്ചകളിലൂടെ വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ ആശയങ്ങൾ അവതരിപ്പിക്കാനും സംവദിക്കാനും അവസരം ലഭിക്കും.
കുട്ടികളുടെ സൈബർ സുരക്ഷ, ഡീപ്ഫേക്ക്, ഇമേജ് അധിഷ്ഠിത ദുരുപയോഗം, സ്വകാര്യത, സമ്മതം, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ സമ്മിറ്റിലെ വിവിധ സെഷനുകളിൽ ചർച്ച ചെയ്യും. വിദ്യാർഥികളുടെ ആശയങ്ങളും സൈബർ സുരക്ഷാ പദ്ധതികളും അവതരിപ്പിക്കുന്ന ഇന്നൊവേഷൻ എക്സ്പോയും പരിപാടിയുടെ ഭാഗമായുണ്ടാകും.

