ന്യൂഡൽഹി: ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ പുതിയ എൻസൈം സംവിധാനം കണ്ടെത്തിയതായി കമ്പനി. ബാക്ടീരിയകളെ ബാധിക്കുന്ന ബാക്ടീരിയോഫേജുകളുടെ ഡിഎൻഎയിലാണ് Array-associated Reverse Transcriptases (ART) എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തെ കണ്ടെത്തിയത്. CRISPR സംവിധാനത്തിലേതിന് സമാനമായ ആവർത്തന ഡിഎൻഎ ശ്രേണികളാണ് ഇതിന്റെ പ്രത്യേകത.
ആർഎൻഎയെ ഡിഎൻഎയിലേക്ക് പകർത്തുന്ന റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് എന്ന എൻസൈമിനെ കേന്ദ്രീകരിച്ചാണ് ART സംവിധാനം. നിലവിൽ ഈ സംവിധാനത്തിന്റെ കൃത്യമായ പ്രവർത്തനം വ്യക്തമായിട്ടില്ല. എന്നാൽ ആവർത്തന ശ്രേണികളും അനുബന്ധ പ്രോട്ടീനും ഉൾപ്പെടുന്ന ഘടന ശ്രദ്ധേയമാണെന്ന് ആന്ത്രോപിക് അറിയിച്ചു.
ഏകദേശം 950 ക്ലോഡ് ഏജന്റുമാർ 21 മണിക്കൂറിനിടെ 20 കോടിയിലധികം ടോക്കണുകൾ ഉപയോഗിച്ച് വൻതോതിലുള്ള ഡിഎൻഎ ഡാറ്റ പരിശോധിച്ചാണ് കണ്ടെത്തലിലേക്ക് എത്തിയത്. 2 ലക്ഷത്തിലധികം റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസുകളിൽ നിന്ന് 3,500 സാധ്യതയുള്ള സംവിധാനങ്ങൾ കണ്ടെത്തി, അവയിൽ 20 എണ്ണം വിശദമായ പരിശോധനയ്ക്കായി തെരഞ്ഞെടുത്തു. തുടർന്നുള്ള ലബോറട്ടറി പരിശോധനകൾ മനുഷ്യ ഗവേഷകരാണ് നടത്തിയത്.
ART-യുടെ പ്രവർത്തനവും ഭാവിയിലെ ജൈവസാങ്കേതിക പ്രയോഗസാധ്യതകളും വ്യക്തമാക്കാനുള്ള പഠനങ്ങൾ തുടരുകയാണ്. കണ്ടെത്തൽ സംബന്ധിച്ച റിപ്പോർട്ട് നിലവിൽ പ്രീപ്രിന്റ് ഘട്ടത്തിലാണ്; അതിനാൽ ഇത് പുതിയ CRISPR സാങ്കേതികവിദ്യയാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ല.

