ലോക കപ്പൽനിർമാണത്തിന്റെ 55 ശതമാനം ചൈനയിൽ; ഇന്ത്യയുടെ വിഹിതം ഒരു ശതമാനത്തിൽ താഴെ

ന്യൂഡൽഹി: ലോകത്ത് നിർമിക്കുന്ന കപ്പലുകളിൽ 55 ശതമാനവും നിലവിൽ ചൈനയിലാണ് നിർമിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. ദക്ഷിണ കൊറിയയിൽ ഏകദേശം 20 ശതമാനവും ജപ്പാനിൽ 20 ശതമാനത്തോളവും കപ്പൽ നിർമാണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിഹിതം ഒരു ശതമാനത്തിൽ താഴെയാണെന്നും സന്യാൽ വ്യക്തമാക്കി.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തെ നാലാമത്തെ വലിയ കപ്പൽനിർമാണ രാജ്യമായി ഇന്ത്യക്ക് മാറാൻ കഴിയുമെന്നാണ് സന്യാലിന്റെ വിലയിരുത്തൽ. നാവികസേനയ്ക്കുള്ള കപ്പലുകൾക്ക് പുറമെ വാണിജ്യ കപ്പലുകൾ, വലിയ ടാങ്കറുകൾ തുടങ്ങിയവ നിർമിക്കുന്ന മേഖലയിലേക്കും ഇന്ത്യ നിക്ഷേപം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വ്യാപാരത്തിന്റെ അളവിന്റെ ഏകദേശം 95 ശതമാനവും മൂല്യത്തിന്റെ 75 ശതമാനവും കടൽമാർഗമാണ് കൈമാറ്റം ചെയ്യുന്നത്. ഇതിൽ വലിയൊരു പങ്കും വിദേശ കപ്പലുകളെയാണ് ആശ്രയിക്കുന്നത്. ആഭ്യന്തര കപ്പൽനിർമാണവും കപ്പൽശേഷിയും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സന്യാൽ ചൂണ്ടിക്കാട്ടി.

അതേസമയം, യുഎൻ വ്യാപാര-വികസന സംഘടനയുടെ കണക്കുപ്രകാരം 2025ൽ പൂർത്തിയാക്കിയ കപ്പലുകളുടെ മൊത്തം ഗ്രോസ് ടണ്ണേജിന്റെ 91 ശതമാനവും ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങളിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *