ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ തടയാൻ ബ്രിട്ടീഷ് സൈനിക നടപടി

ലണ്ടൻ: ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ തടയുന്നതിനായി ബ്രിട്ടീഷ് സൈന്യം ഭൂമിയിൽനിന്നുള്ള ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ബ്രിട്ടന്റെ സൈനിക ഉപഗ്രഹങ്ങളെയും നിർണായക സൈനിക നീക്കങ്ങളെയും നിരീക്ഷിക്കുന്നതിൽനിന്ന് എതിരാളികളുടെ ഉപഗ്രഹങ്ങളെ തടയുന്നതിനാണ് സംവിധാനം ഉപയോഗിക്കുന്നതെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ഇതോടൊപ്പം, ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനായി റോയൽ എയർഫോഴ്സ് ‘നമ്പർ III സ്പേസ് എഫക്റ്റ്സ് സ്ക്വാഡ്രൺ’ രൂപീകരിച്ചു. ബഹിരാകാശ മേഖലയിലെ ശത്രുനീക്കങ്ങൾ തടയുക, അവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുക, ബ്രിട്ടന്റെ ഉപഗ്രഹങ്ങളെ സംരക്ഷിക്കുക എന്നിവയാണ് യൂണിറ്റിന്റെ ചുമതല. ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കും.

മിസൈൽ ആക്രമണ മുന്നറിയിപ്പ്, ആശയവിനിമയം, കപ്പലുകളുടെ നാവിഗേഷൻ തുടങ്ങിയ നിർണായക സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിനും പുതിയ യൂണിറ്റ് പ്രവർത്തിക്കും. നിലവിൽ ബഹിരാകാശ ഭീഷണികൾ നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനും രണ്ട് പ്രത്യേക യൂണിറ്റുകൾ ബ്രിട്ടനിലുണ്ട്.

ബഹിരാകാശം സൈനിക മത്സരത്തിന്റെ പ്രധാന മേഖലയായി മാറിയ സാഹചര്യത്തിലാണ് ബ്രിട്ടന്റെ പുതിയ നീക്കം. റഷ്യൻ ഉപഗ്രഹങ്ങളുടെ ഇടപെടലുകളും ജിപിഎസ് സംവിധാനങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഉൾപ്പെടെയുള്ള ഭീഷണികൾ വർധിക്കുന്നതായി ബ്രിട്ടീഷ് വ്യോമസേനാ മേധാവി സർ ഹാർവ് സ്മിത്ത് പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *