അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ച് വിദ്യാർത്ഥികളെ കബളിപ്പിച്ചെന്ന് പരാതി: സിഡ്നിയിലെ പ്രമുഖ കോളേജിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നി: പ്രൊഫഷണൽ അക്രഡിറ്റേഷൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ബിരുദ കോഴ്സിലേക്ക് പ്രവേശനം നൽകിയെന്നാരോപിച്ച് ഇന്റർനാഷണൽ കോളേജ് ഓഫ് മാനേജ്‌മെന്റ് സിഡ്നിക്കെതിരെ (ICMS) മുൻ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തു. പതിനായിരക്കണക്കിന് ഡോളർ ഫീസായി നൽകി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ വൻ കടക്കെണിയിലായ സാഹചര്യത്തിലാണ് കോളേജിനെതിരെ കൂട്ടത്തോടെ നിയമനടപടിയുമായി (ക്ലാസ് ആക്ഷൻ സ്യൂട്ട്) രംഗത്തെത്തിയിരിക്കുന്നത്.

കോളേജിലെ പ്രോപ്പർട്ടി ഡിഗ്രി കോഴ്സിന് ഓസ്‌ട്രേലിയൻ പ്രോപ്പർട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (API) അംഗീകാരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രവേശനം നൽകിയതെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആരോപണം. എന്നാൽ, 2025 ഡിസംബറിൽ ഐസിഎംഎസിന്റെ അക്രഡിറ്റേഷൻ അപേക്ഷ എപിഐ തള്ളുകയായിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ പഠിച്ചിറങ്ങിയ പലർക്കും പ്രതീക്ഷിച്ച കരിയർ നേടാനായില്ല. കേസിൽ പ്രധാന വാദിയായ ടെസ്സ കോഡിംഗ്ടൺ എന്ന മുൻ വിദ്യാർത്ഥിക്ക് കരിയർ മുന്നോട്ടു കൊണ്ടുപോകാൻ ഡീക്കിൻ യൂണിവേഴ്സിറ്റിയിൽ വീണ്ടും ചില വിഷയങ്ങൾ പഠിക്കേണ്ടി വന്നു. 45,000 ഡോളറോളം സ്റ്റുഡന്റ് ലോണാണ് ടെസ്സയ്ക്ക് ബാധ്യതയായി വന്നിരിക്കുന്നത്.

വിദേശ വിദ്യാർത്ഥികളെയും ഈ വിഷയം സാരമായി ബാധിച്ചിട്ടുണ്ട്. കോഴ്സിനായി മാത്രം ഏകദേശം 97,000 ഡോളറും താമസച്ചെലവുകൾക്കായി വലിയ തുകയും മുടക്കേണ്ടി വന്നതായി അന്താരാഷ്ട്ര വിദ്യാർത്ഥിയായ യുവരാസി മൂത്തൂസാമി വ്യക്തമാക്കി. നിലവിൽ പത്തോളം വിദ്യാർത്ഥികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാർത്ഥികളുടെ ആരോപണങ്ങൾ ഐസിഎംഎസ് നിഷേധിച്ചു. തങ്ങളുടെ വെബ്സൈറ്റിൽ കോഴ്സിന് എപിഐ അക്രഡിറ്റേഷൻ ഉണ്ടെന്ന് കാണിച്ചത് സാങ്കേതികപരമായ ഒരു ഭരണപരമായ പിഴവ് മാത്രമായിരുന്നു എന്നാണ് കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം. വ്യാജ അവകാശവാദങ്ങളിലൂടെ വിദ്യാർത്ഥികളുടെ വർഷങ്ങളും വലിയ തുകയും നഷ്ടപ്പെടുത്തുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *