ബ്രിസ്ബെയ്ൻ: ചരിത്രത്തിലാദ്യമായി ചന്ദ്രനിലേക്ക് റോബോട്ടിക് ദൗത്യത്തിനൊരുങ്ങി ഓസ്ട്രേലിയ. രാജ്യത്തിന്റെ ആദ്യ ചാന്ദ്ര റോവറായ ‘റൂ-വർ’ (ROO-VER) എന്ന അത്യാധുനിക പേടകത്തിന്റെ പുതിയ പ്രോട്ടോടൈപ്പ് ഒക്ടോബർ 7-ന് ബ്രിസ്ബെയ്നിൽ ഔദ്യോഗികമായി പുറത്തിറക്കി. “ഓസ്ട്രേലിയ, ഇതാണ് നിങ്ങളുടെ ചാന്ദ്ര റോവർ” എന്ന് ഓസ്ട്രേലിയൻ സ്പേസ് ഏജൻസി മേധാവി എൻറികോ പലേർമോ പദ്ധതിയെ വിശേഷിപ്പിച്ചു.
ഒരു സ്യൂട്ട്കേസിന്റെ മാത്രം വലിപ്പവും 20 കിലോഗ്രാം ഭാരവുമുള്ള ഈ കുഞ്ഞൻ റോബോട്ട് നിലവിൽ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് പരീക്ഷണങ്ങൾക്ക് വിധേയമാകുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ ഉപരിതലത്തിലൂടെയുള്ള സഞ്ചാരവും തടസ്സങ്ങൾ തിരിച്ചറിഞ്ഞ് മറികടക്കാനുള്ള ശേഷിയുമാണ് ഇവിടെ പ്രധാനമായും പരിശോധിക്കുന്നത്.
ഓസ്ട്രേലിയൻ സർക്കാരിന്റെ 42 ദശലക്ഷം ഡോളർ നിക്ഷേപത്തിൽ ഒരുങ്ങുന്ന റോവർ, നാസയുടെ സഹകരണത്തോടെയുള്ള ചാന്ദ്ര ദൗത്യത്തിലൂടെ 2030-ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിലെത്തുന്ന റൂ-വർ ഭൂമിയിലെ 14 ദിവസത്തോളം (ഒരു ചാന്ദ്ര പകൽ) ചന്ദ്രന്റെ മണ്ണിലെ ഘടകങ്ങളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തും. ഭാവിയിലെ മനുഷ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ആവശ്യമായ വിഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഈ വിവരങ്ങൾ ശാസ്ത്രജ്ഞരെ ഏറെ സഹായിക്കും.
ഓസ്ട്രേലിയയുടെ എൻജിനീയറിങ്, റോബോട്ടിക്സ് വൈദഗ്ധ്യത്തിന്റെ സുപ്രധാന നാഴികക്കല്ലായ ഈ സംരംഭത്തിലൂടെ ഉരുത്തിരിയുന്ന സാങ്കേതികവിദ്യകൾ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് മാത്രമല്ല, ഭൂമിയിലെ വിവിധ വ്യവസായ മേഖലകൾക്കും വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

