എന്റെ കുളം പദ്ധതിക്ക് മുളന്തുരുത്തിയിൽ തുടക്കം; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

മുളന്തുരുത്തി: ‘നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘എന്റെ കുളം’ പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ കാഞ്ഞിരമറ്റം ഡിവിഷനിൽ ഉൾപ്പെടുന്ന ക്രോസോത്ത് കുളം ശുചീകരിച്ചുകൊണ്ടാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

ഗ്രാമപ്രദേശങ്ങളിലെ പൊതുകുളങ്ങളും പരമ്പരാഗത ജലസ്രോതസ്സുകളും സംരക്ഷിക്കുകയും പുനരുദ്ധരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലസംരക്ഷണത്തോടൊപ്പം കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, ഭൂഗർഭ ജലനിരപ്പ് ഉയർത്തുക, നാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ജലസ്രോതസ്സുകൾ ശുചീകരിക്കൽ, ആഴം കൂട്ടൽ, സംരക്ഷണ ഭിത്തികൾ ഒരുക്കൽ, കുളങ്ങൾക്ക് ചുറ്റും ചെടികൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ വിവിധ പ്രവൃത്തികൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ പങ്കാളികളാക്കി മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ. (CSR) വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രഞ്ജിത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ. പൗലോസ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ സത്യൻ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് സി.എസ്.ആർ. പ്രതിനിധി പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *