മുംബൈ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് താജ് പാലസ് ഹോട്ടലിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി അദ്ദേഹം നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. 26/11 മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി താജ് മെമ്മോറിയലിൽ അദ്ദേഹം പുഷ്പചക്രം അർപ്പിക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദ്ദിഷ്ട വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് സന്ദർശനത്തിന് മുന്നോടിയായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര ബന്ധങ്ങൾ വിപുലമാക്കുന്നതിന് പുറമെ ഊർജ്ജ സഹകരണം, പ്രതിരോധ-സുരക്ഷാ പങ്കാളിത്തം, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയും മന്ത്രിതല ചർച്ചകളിൽ വിഷയമാകും. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങളും ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന നിരീക്ഷണവും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക സത്കാരത്തിലും അദ്ദേഹം പങ്കാളിയാകും.
മുംബൈയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷം മാർക്കോ റൂബിയോ ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിക്കും. അവിടെയുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയും അദ്ദേഹം സന്ദർശിക്കും. വിദേശകാര്യ മന്ത്രി ഡൽഹിക്ക് പകരം മുംബൈയിലെത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയെ കാണുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് നയതന്ത്ര നിരീക്ഷകരുടെ വിലയിരുത്തൽ

