ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം കൂടുതൽ സുഗമമാക്കുന്നതിനായി നവംബർ ഒന്ന് മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ഇതിനൊപ്പം വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
വെർച്വൽ ക്യൂ സൗജന്യമായി മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം നിരവധി ആളുകൾ ദർശനത്തിന് എത്താതിരിക്കുന്നത് പതിവായിരുന്നു. ഇത് മറ്റ് ഭക്തർക്ക് ദർശനത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് അനാവശ്യ ബുക്കിങ്ങുകൾ ഒഴിവാക്കാനും യഥാർത്ഥ ഭക്തർക്ക് അവസരം ഉറപ്പാക്കാനുമായി 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അറിയിച്ചു.
ഒരു ബുക്കിങ്ങിലൂടെ ഒന്നു മുതൽ ആറ് പേർക്ക് വരെ ഒരുമിച്ച് ദർശന സ്ലോട്ട് എടുക്കാവുന്നതാണ്. എല്ലാ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാകും.
ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജ നടക്കുന്ന ദിവസങ്ങളിൽ വൈകിട്ട് മാത്രമായിരിക്കും വെർച്വൽ ക്യൂ പ്രവേശനം അനുവദിക്കുക. അത്തരം ദിവസങ്ങളിൽ വൈകിട്ട് നാല്, അഞ്ച് മണികളിലെ രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം. ഭാവിയിൽ ചരിത്രപ്രസിദ്ധമായ നിർമാല്യ ദർശനവും ഓൺലൈൻ വഴി ക്രമീകരിക്കാൻ ഭരണസമിതി ആലോചിക്കുന്നുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഭക്തർക്ക് ദർശന സ്ലോട്ടുകൾ ബുക്ക് ചെയ്യാം.

