വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

പറവൂർ: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിലെ എം.എൽ.എ ഓഫീസിൽ ഒരുക്കിയ വിദ്യാരംഭ ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ഇരുപത്തിയഞ്ചോളം കുട്ടികളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഓഫീസിലെത്തി ചടങ്ങിൽ പങ്കുചേർന്നത്.

മുൻ വർഷങ്ങളിൽ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയിരുന്ന ഈ ചടങ്ങ്, ഇത്തവണ മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹം നിർവഹിച്ചത്. ചടങ്ങിനെത്തിയ കുഞ്ഞുങ്ങളുടെ വിരൽപിടിച്ച് അരിയിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്ന് എഴുതിക്കുകയും, സ്വർണമോതിരം കൊണ്ട് നാവിൽ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു. തുടർന്ന് കുരുന്നുകൾക്ക് മധുരവും വിതരണം ചെയ്തു.

തിരക്കുപിടിച്ച ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കിടയിലും സംഘടിപ്പിച്ച ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. കുട്ടികൾ മുഖ്യമന്ത്രിക്ക് ദക്ഷിണ സമർപ്പിച്ചാണ് ചടങ്ങുകളുടെ ഭാഗമായത്. വിജയദശമി ദിനത്തിൽ തലസ്ഥാനത്ത് ഉണ്ടാകില്ലെന്നതിനാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് നാല് കുട്ടികളെ അദ്ദേഹം മുൻകൂട്ടി എഴുത്തിനിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *